നായയെ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവത്തിൽ വേ​ഗത്തിൽ കുറ്റപത്രം സമ‍ർപ്പിക്കണമെന്ന് ഹൈക്കോടതി

By Web TeamFirst Published Jul 2, 2021, 12:55 PM IST
Highlights

സംഭവത്തിൽ അനിമൽ വെയർഫെയർ ബോർഡിനോട് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. മൃഗാശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ ഹൈക്കോടതിയെ ബോ‍ർഡ് അറിയിക്കണം. 

കൊച്ചി: തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തു നായയെ ചൂണ്ടയിൽ കൊരുത്തി തൂക്കി തല്ലിക്കൊന്ന സംഭവത്തിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാന സ‍ർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയ ​ഹൈക്കോടതി പത്ത് ദിവസത്തിനകം സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാനും ആവശ്യപ്പെട്ടു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി അഡ്വക്കറ്റ് ജനറൽ ഇന്ന് ഹൈക്കോടതിയിൽ അറിയിച്ചു. 

സംഭവത്തിൽ അനിമൽ വെയർഫെയർ ബോർഡിനോട് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചു. മൃഗാശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ ഹൈക്കോടതിയെ ബോ‍ർഡ് അറിയിക്കണം. തെരുവിൽ അലയുന്ന മൃ​ഗങ്ങളുടെ സംരക്ഷണം പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം മൃഗങ്ങളെ ദത്തെടുക്കാനായി പ്രത്യേക ക്യാമ്പുകളടക്കം സജ്ജീകരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.അനിമൽ വെൽഫയർ ബോർഡ്‌ ബോധവത്കണണം നടത്തണമെന്നും കാലാവധി കഴിഞ്ഞ സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് പുനഃസംഘടിപ്പിച്ച് പ്രവ‍ർത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!