ആ 20 കോടിയുടെ യഥാർഥ അവകാശി പൊലീസുകാരനല്ല, ക്രിസ്മസ് ബമ്പറിൽ തീർപ്പ് കൽപ്പിച്ച് ഹൈക്കോടതി; സമ്മാന വിതരണത്തിന് അനുമതി

Published : Mar 05, 2026, 04:16 PM IST
christmas bumper 2026

Synopsis

ക്രിസ്മസ് ബമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപയുടെ അവകാശവാദം ഉന്നയിച്ച പൊലീസുകാരന്റെ ഹർജി ഹൈക്കോടതി തള്ളി. ലോട്ടറി വകുപ്പ് സമർപ്പിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് അംഗീകരിച്ച കോടതി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനുള്ള വിലക്ക് നീക്കി

കൊച്ചി: ക്രിസ്മസ് ബംബർ 20 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചെന്ന അവകാശവാദവുമായി പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പിറവം സ്വദേശിയായ റിട്ടയേര്‍ഡ് എസ് ഐ സജിമോനാണ് ക്രിസ്മസ് ബമ്പർ അടിച്ചെന്ന് ചൂണ്ടിക്കാട്ടി ഹർജി നൽകിയത്. യഥാർത്ഥ ഉടമസ്ഥർ ഹാജരാക്കിയ ടിക്കറ്റിന്റെ വിശദാംശങ്ങൾ ലോട്ടറി വകുപ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമായിരുന്നു കോടതി, സജിമോന്‍റെ ഹർജി തള്ളിയത്. ശാസ്ത്രീയമായ പരിശോധനയടക്കം നടത്തിയാണ് ലോട്ടറി വകുപ്പ് വിശദമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധനയിൽ സജിമോൻ പറഞ്ഞതുപോലുള്ള തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സജിമോന്‍റെ ഹർജി തള്ളുകയായിരുന്നു. ഒപ്പം തന്നെ സമ്മാനത്തുക വിതരണം ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കി.

ടിക്കറ്റ് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഏറെ നാളായി അനിശ്ചിതത്വത്തിലായിരുന്ന സമ്മാനത്തുക വിതരണം ഇതോടെ വേഗത്തിലാകും. XC 138455 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്തുള്ള കടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്റർ എന്ന കടയിൽ ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. സുദീപ് എ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ ക്രിസ്മസ് ബമ്പറിന്‍റെ യഥാർഥ വിജയി ഇനിയും പേര് പരസ്യമാക്കിയിട്ടില്ല.

400 മുടക്കി ടിക്കറ്റെടുത്തത് 54 ലക്ഷം പേർ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഇത്തവണ റെക്കോഡ് വിൽപ്പനയായിരുന്നു. ഇരുപത് കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇത്തവണയും ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്‌ പാലക്കാട്‌ ജില്ലയിലായിരുന്നു. 13,09,300 ടിക്കറ്റുകളാണ്‌ ജില്ലയിൽ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,91,100 ടിക്കറ്റുകളാണ്‌ വിറ്റത്‌. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 5,55,920 ടിക്കറ്റുകളുടെ വില്‍പന നടന്നു. 400 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന യുവാവിനെ കാർ ഇടിച്ചു തെറിപ്പിച്ചു, വെമ്പായത്തെ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കാന്തപുരത്തെ ഒപ്പം നിർത്താൻ പിണറായി സർക്കാർ; ഖജനാവിൽ നിന്ന് കാശ് ഇറങ്ങും, മർക്കസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി