നിപ ഉറവിടം അവ്യക്തം; കുട്ടി ചികിത്സ തേടിയത് അഞ്ച് ആശുപത്രികളിൽ, റൂട്ട് മാപ്പ് പുറത്ത്, അമ്മയ്ക്കും രോഗലക്ഷണം

By Web TeamFirst Published Sep 5, 2021, 6:11 PM IST
Highlights

ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി. ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി.

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം പ‍ഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്  ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി. ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.

നിപ മൂലം മരിച്ച പന്ത്രണ്ടുകാരന്‍ ചികിത്സ തേടിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്രവം ശേഖരിക്കാത്ത വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കുട്ടിയുടെ അമ്മയ്ക്കും നേരിയ പനി ലക്ഷണമുണ്ട്. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകൾ അറിയിക്കാൻ ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു. നാളെ വൈകീട്ട് അവലോകനയോഗം ചേരും. മെഡിക്കൽ കോളേജിലെ  ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്കിൽ ഉള്ള 20 പേരുടെയും സാമ്പിൾ എൻവിഐയിലേക്ക് അയക്കും. മെഡിക്കൽ കോളേജ് പേ വാർഡ് ബ്ളോക് നിപ്പാ വാർഡാക്കുമെന്നും മന്ത്രി വിശദീകരിച്ചു. 

നിപ: കേന്ദ്രസംഘം കോഴിക്കോട്, പന്ത്രണ്ടുകാരൻ റംബൂട്ടാൻ കഴിച്ചെന്ന് കരുതുന്നയിടം സന്ദർശിച്ചു, സാമ്പിൾ ശേഖരിച്ചു

അതേ സമയം നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോടിന് പുറമേ മലപ്പുറത്തും കൺട്രോൾ റൂം തുറന്നു. രോഗലക്ഷണമുള്ളവര്‍ ജില്ലാ കണ്‍ട്രോള്‍ റൂമിലോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണം. മഞ്ചേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ആശുപത്രികളിലെല്ലാം നിപ രോഗലക്ഷണമുള്ളവര്‍ക്കായി പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളും ചികില്‍സാ സൗകര്യങ്ങളുമൊരുക്കും. ഏതെങ്കിലും ഭാഗത്ത് വവ്വാലുകളോ പക്ഷികളോ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടാല്‍ മുഗസംരക്ഷണ വകുപ്പ് അധികൃതരെ വിവരമറിയിക്കണം

കണ്‍ട്രോള്‍ റൂം നമ്പറുകള്‍
0483 2737 857
0483 2733 251
0483 2733 252
0483 2733 253

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

 

click me!