ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി; മെഡിക്കൽ ബോർഡ് രൂപീകരിക്കും

By Web TeamFirst Published Feb 7, 2023, 8:38 AM IST
Highlights

 ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദം ഉണ്ടെന്നും ഡോക്ടർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ സന്ദർശിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. മന്ത്രി വീണാ ജോർജ് ഡോക്ടർമാരുമായി സംസാരിച്ചു. മെഡിക്കൽ ബോർഡിന്റെ മേൽനോട്ടത്തിൽ തുടർ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടർ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകൾ നൽകുന്നുണ്ടെന്നും ഇന്നലത്തേക്കാൾ ഭേദം ഉണ്ടെന്നും ഡോക്ടർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് ആരോഗ്യമന്ത്രി ഇന്ന് ആശുപത്രിയിൽ നേരിട്ടെത്തി ഉമ്മൻ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചത്. ന്യൂമോണിയയെ തുടർന്നു ഇന്നലെ വൈകിട്ടാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.രാത്രി മുഖ്യമന്ത്രി ബന്ധുക്കളെ ഫോണിൽ വിളിച്ചിരുന്നു. ചികിത്സ നിഷേധിക്കുന്നു എന്ന് കാണിച്ചു ഉമ്മൻ ചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് വിവാദമായിരുന്നു. നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മൻ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരുവിലേക്ക് തുടർ ചികിത്സക്ക് കൊണ്ട് പോകാൻ ആണ് നീക്കം.

എന്നാൽ ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്കായില്ലെന്ന് കുറ്റപ്പെടുത്തി ബന്ധുവായ അജയ് അലക്സ് രംഗത്ത് വന്നു. ചികിത്സ നിഷേധിക്കുന്നെന്ന് പരാതിപ്പെട്ട ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് വി. ചാണ്ടിയുടെ മകനാണ് അജയ് അലക്സ്. ഉമ്മൻ ചാണ്ടിയുടെ ജീവൻ അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്‍റെ അച്ഛൻ അടക്കമുള്ളവർ പരാതിയുമായി രംഗത്ത് വന്നത്. പരാതിയിൽ നിന്ന് പിന്മാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകണമെന്നും അജയ് അലക്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!