
തിരുവനന്തപുരം: സംസ്ഥാനത്തു വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മന്ത്രി ജെ. ചിഞ്ചു റാണിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. രാവിലെ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാല്‍ ഈ സമയത്തു മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഉഷ്ണ തരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കര്‍ഷക മേഖലകളില്‍ ജില്ലാ ഓഫീസര്‍മാര്‍ കളക്ടര്‍മാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കടുത്ത വേനലിനെ പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ പാലിക്കണം. തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം. ഫാന്‍ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹകരമാവും. മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, തുള്ളി നന, സ്പ്രിങ്ക്ളര്‍, നനച്ച ചാക്കിടുന്നതും ഉത്തമമാണ്. സൂര്യഘാതം ഏറ്റവും കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള രാവിലെ മുതല്‍ വൈകിട്ട് നാലുവരെ പൊള്ളുന്ന വെയിലില്‍ തുറസ്സായ മേയാന്‍ വിടുന്നത് ഒഴിവാക്കുക. 11 മണിക്ക് മുന്‍പും 4 മണിക്ക് ശേഷവും മാത്രം പശുക്കളെ മേയാന്‍ വിടുക. ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തില്‍ എല്ലാ സമയവും ലഭ്യമായിരിക്കണം, കറവപശുക്കള്‍ക്ക് 80- 100 ലിറ്റര്‍ വെള്ളം ദിവസം നല്‍കണം. ധാരാളം പച്ചപ്പുല്ലും തീറ്റയായി ലഭ്യമാക്കണമെന്നും യോഗം തീരുമാനിച്ചു.
മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി പരിമിതപ്പെടുത്തുക. ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാന്‍ ശ്രദ്ധിക്കുക. കനത്ത ചൂട് മൂലം കന്നുകാലികളില്‍ കൂടുതല്‍ ഉമിനീര്‍ നഷ്ടപ്പെടുന്നതിനാല്‍ ദഹനക്കേടും വയറിളക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. വേനല്‍ ചൂട് മൃഗങ്ങളുടെ ശരീര സമ്മര്‍ദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാല്‍ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്,ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാല്‍ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ കൂടി കര്‍ഷകര്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനല്‍ക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ആയതു നിയന്ത്രിക്കുന്നതിന് കറവയുള്ള മൃഗങ്ങളുടെ അകിടില്‍ നിന്നും പാല്‍ പൂര്‍ണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടുമായ് കറവ ക്രമീകരിക്കണം. കൃഷിപ്പണിക്ക് ഉപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 മണി വരെയുള്ള ചൂട് കൂടിയ സമയങ്ങളില്‍ കൃഷിപ്പണിക്കായി നിയോഗിക്കരുത്. പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കണം. തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം. ഇവ സൂര്യാഘാത ലക്ഷണങ്ങളാണ്. സൂര്യാഘാതമേറ്റാല്‍ തണുത്ത വെള്ളം തുണിയില്‍ മുക്കി ശരീരം നന്നായി തുടയ്ക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam