
അഹമ്മദാബാദ്: മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാമെന്ന ഗുജറാത്ത് സർക്കാരിന്റെ നിർദ്ദേശത്തോട് മുഖം തിരിച്ച് കേരളം. പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ച കേരളം അഹമ്മദാബാദ് റെഡ് സോണിലായ സാഹചര്യത്തിലാണ് പിന്നോക്കം പോയത്. യാത്ര പ്രതീക്ഷിച്ച് അഹമ്മദാബാദിലെത്തിയ നൂറുകണക്കിന് മലയാളികൾ ഇതോടെ വെട്ടിലായി.
ഗുജറാത്തിൽ നിന്ന് 5088 മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവരെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കണമെന്നും ആവശ്യപ്പെട്ട് മെയ് 14ന് കേരളം ഗുജറാത്തിനയച്ച കത്തെഴുതിയിരുന്നു. അഹമ്മദാബാദിൽ നിന്ന് ട്രെയിൻ യാത്ര തുടങ്ങണമെന്നും കത്തിലുണ്ട്. അന്നു തന്നെ അഹമ്മദാബാദ് ജില്ലാ കളക്ടർ മറുപടി കത്തെഴുതി.
മെയ് 16ന് വൈകീട്ട് മൂന്നരയ്ക്ക് ട്രെയിൻ ഓടിക്കാം. മലയാള സമാജം പ്രവർത്തകരുടെ സഹായത്തോടെ ഉടൻ നാട്ടിലെത്തിക്കേണ്ട 1500 യാത്രക്കാരുടെ ലിസ്റ്റും അയച്ചു. എല്ലാവരെയും പ്രത്യേകം ബസുകളിൽ സ്റ്റേഷനിലെത്തിക്കുമെന്നും യാത്ര തുടങ്ങും മുൻപ് മെഡിക്കൽ പരിശോധന നടത്തുമെന്നും കത്തിലൂണ്ട്. കേരളത്തിന്‍റെ അനുമതി തേടിക്കൊണ്ട് അവസാനിക്കുന്ന കത്തിന് പക്ഷെ ഇതുവരെ മറുപടി കിട്ടിയില്ല.
ഇതോടെ ട്രെയിൻ പ്രതീക്ഷിച്ച് മെയ് 16ന് അഹമ്മദാബാദിലെത്തിയ മലയാളികൾ റെഡ് സോണിൽ കുടുങ്ങി. അഹമ്മദാബാദ് പോലെ റെഡ്സോണുകളിൽ നിന്ന് ആളുകളെ കൊണ്ടുവരുത്തിലെ ആശങ്കയാണ് കേരളത്തിന്‍റെ മെല്ലേ പോക്കിന് കാരണം. അഹമ്മദാബാദിന് പകരം രാജ്കോട്ടിൽ നിന്നോ വഡോദരയിൽ നിന്നോ ട്രെയിൻ സർവീസ് തുടങ്ങാനാണ് ഇപ്പോഴത്തെ ആലോചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam