
കൊച്ചി: മനുഷ്യ - മഗ സംഘർഷവുമായി ബന്ധപ്പെട്ട പരാതിയിൽ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് കേരളാ ഹൈക്കോടതി. ടാസ്ക് ഫോഴ്സ് യോഗത്തിന്റെ മിനുട്സ് തന്നില്ലെന്ന പഞ്ചായത്തിന്റെ പരാതിയിലാണ് കോടതി വിമർശനം. പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയം കളിക്കരുതെന്ന് പറഞ്ഞ കോടതി അരിക്കൊമ്പനെ ഡീൽ ചെയ്തു പിന്നെയാണോ പഞ്ചായത്ത് പ്രസിഡന്റെന്നും പരിഹാസത്തോടെ ചോദിച്ചു.
ചിന്നക്കനാലിലേക്ക് ആന തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്നാട് മേഖലയിലേക്കാണെന്ന് വനം വകുപ്പ് മറുപടി നൽകി. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാൻ സാധ്യത ഉണ്ടെന്നും അതുകൊണ്ട് നിരീക്ഷണം കൃത്യമാക്കണമെന്നും കോടതി പറഞ്ഞി. റേഡിയോ കോളർ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പും പറഞ്ഞു.
ഇതിന് പിന്നാലെയാണ് ടാസ്ക് ഫോഴ്സ് യോഗത്തിന്റെ മിനുട്സ് കിട്ടിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഈ ഘട്ടത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയം കളിക്കരുതെന്ന് കോടതി വിമർശിച്ചു. ജനങ്ങളുടെ പ്രശ്നം അറിയിക്കാൻ കൂടിയാണ് പ്രസിഡന്റ്. രാഷ്ട്രീയം കളിക്കുന്നതിൽ കോടതിക്ക് യോജിപ്പില്ല. പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല. മൃഗങ്ങളേക്കാൾ അപകടകാരി മനുഷ്യരെന്നും കോടതി പ്രസിഡന്റിനെതിരായ വിമർശനത്തിൽ പറഞ്ഞു.
Read More: മണിക്കൂറുകളുടെ കാത്തിരിപ്പ് അവസാനിച്ചു; അരിക്കൊമ്പൻ റേഞ്ചിലെത്തി; വനത്തിൽ അലഞ്ഞു നടക്കുന്നു
സംസ്ഥാനത്ത് മനുഷ്യ മൃഗ സംഘർഷം സംബന്ധിച്ച പഠനം നടത്താനും ടാസ്ക് ഫോഴ്സിന്റെ നടപടികൾ വിലയിരുത്താനുമടക്കം വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് കോടതി നിർദ്ദേശം മുന്നോട്ട് വെച്ചു. ഇക്കാര്യത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്വതന്ത്രമായി നിൽക്കുന്ന മൃഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്നു മാറ്റിയിട്ട് കാര്യമില്ല. അത് അരിക്കൊമ്പൻ വിഷയത്തിൽ വ്യക്തമായതാണ്. അരിക്കൊമ്പനെ മാറ്റിയ ശേഷം ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായില്ലേയെന്നും കോടതി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam