കേരളത്തിൽ ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് ചീത്തപ്പേര്, നോക്കുകൂലി തുടച്ചു നീക്കണം: ഹൈക്കോടതി

By Web TeamFirst Published Oct 7, 2021, 3:43 PM IST
Highlights

വിഎസ്എസ്.സിയിലേക്ക് കൊണ്ടു വന്ന ചരക്കുകൾ തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി

കൊച്ചി: നോക്കുകൂലിക്കെതിരെ അതിരൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി (Kerala Highcourt).  നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ വാക്കാൽ പറഞ്ഞു. നോക്കുകൂലി  ചോദിക്കുന്നവര്‍ ആരായാലും അവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും ട്രേഡ് യൂണിയന്‍ തീവ്രവാദം എന്നാ പ്രതിച്ഛായ കേരളത്തിനുണ്ടെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ (Justice Devan Ramachandran) പറഞ്ഞു. 

കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴില്‍ നിരസിച്ചാല്‍ ചുമട്ട് തൊഴിലാളി ബോര്‍ഡിനെയാണ് തൊഴിലാളികൾ സമീപിക്കേണ്ടതെന്നും തൊഴില്‍ നിഷേധത്തിനുള്ള പ്രതിവിധി അക്രമമല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാൽ നിരീക്ഷിച്ചു. ഐഎസ്ആർഒയുടെ (ISRO) നേതൃത്വത്തിൽ വിഎസ്എസ്.സിയിലേക്ക് (VSSC) കൊണ്ടു വന്ന ചരക്കുകൾ തടഞ്ഞ സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

നോക്കുകൂലിയുടെ പേരിൽ  നിയമം കയ്യിലെടുക്കരുതെന്ന് ട്രേഡ് യൂണിയനുകളോട്  പറയാൻ സർക്കാർ മടിക്കുന്നത് എന്തിനാണെന്നും ഹൈക്കോടതി നേരത്തെയും വിമർശിച്ചിരുന്നു. നോക്കുകൂലി നൽകാത്തതിന്   ട്രേഡ് യൂണിയനുകൾ നടത്തുന്ന ഭീഷണിയിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ടികെ സുന്ദരേശൻ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി ശക്തമായ വിമർശനം കഴിഞ്ഞ മാസം നടത്തിയത്. 

ചുമട് ഇറക്കാൻ  അനുവദിച്ചില്ലെങ്കിൽ നിയമം കയ്യിലെടുക്കുന്ന യൂണിയനുകളുടെ രീതി അംഗീകരിക്കാനാകില്ല. നോക്കുകൂലിക്ക് നിരോധനമേർപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും നിയമം കാര്യക്ഷമമായി നടപ്പിലാക്കാത്തത് നാണക്കേടാണ്. സംസ്ഥാനത്ത് നിക്ഷേപമിറക്കാൻ പലരും ഭയപ്പെടുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന്  വെറുതെ പറഞ്ഞാൽ പോരെന്നും ഹൈക്കോടതി അന്ന് കുറ്റപ്പെടുത്തിയിരുന്നു. 

click me!