ഇബ്രാഹിംകുഞ്ഞിനെതിരായ രണ്ട് കേസുകള്‍ ഹൈക്കോടതിയില്‍; കള്ളപ്പണകേസും പാലം നിർമ്മാണ അഴിമതിയും ഇന്ന് പരിഗണിക്കും

By Web TeamFirst Published Mar 2, 2020, 1:11 AM IST
Highlights
  • നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നു
  • പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്ന്  ആവശ്യം
  • ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമിതിയിൽ അന്വേഷണ അനുമതി സർക്കാർ വൈകിപ്പിക്കുന്നതിനെതിരെയുള്ള ഹർജി

കൊച്ചി: മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ  കള്ളപ്പണ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ  ആവശ്യം.

ഹര്‍ജിയില്‍ എന്‍ഫോഴസ്‌മെന്‍റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നെങ്കിലും വിജിലന്‍സ് കേസ് എടുത്ത ശേഷം അന്വേഷണം ആകാമെന്നായിരുന്നു ഇ ഡി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് ഇ ഡി വിജിലൻസിന് കത്ത് നൽകയിട്ടുണ്ട്.

അതേസമയം ആലുവ മണപ്പുറം പാലം നിർമ്മാണ അഴിമിതിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി സർക്കാർ വൈകിപ്പിക്കുന്നതിനെതിരെയുള്ള ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊതു പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച പാരാതിയിൽ അന്വേഷണ അനുമതി സർക്കാർ വൈകിപ്പിച്ചതിനാൽ തുടർന്നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ഹ‍ർജിയിലെ പ്രധാന ആരോപണം.

മുൻ മന്ത്രിയെ പ്രതിചേർത്ത് അന്വേഷണം നടത്താനുള്ള അനുമതിക്കായി നൽകിയ അപേക്ഷ ഇപ്പോഴും സർക്കാറിന്‍റെ പക്കലാണെന്നാണ് വിജിലൻസ് കോടതിയെ അറയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ നിലവിലുള്ള സ്ഥിതി അടക്കം ഉൾപ്പെടുത്തി വിശദമായ മറുപടി ഇന്ന് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

click me!