കാട്ടുപന്നികളെ വേട്ടയാടാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് ഹൈക്കോടതി

By Web TeamFirst Published Jul 23, 2021, 4:45 PM IST
Highlights

വിളകള്‍ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൃഷിയിടങ്ങളില്‍ വിള നശിപ്പിക്കാന്‍ എത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാറാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയത്.
 

കൊച്ചി: വിളകള്‍ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വേട്ടയാടാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൃഷിയിടങ്ങളില്‍ വിള നശിപ്പിക്കാന്‍ എത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് ജസ്റ്റിസ് പി.ബി സുരേഷ് കുമാറാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയത്. ഒരു മാസത്തിനകം ഇതേകുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അഭിഭാഷകരായ അലക്‌സ് എം സ്‌കറിയ, അമല്‍ ദര്‍ശന്‍ എന്നിവര്‍ മുഖാന്തിരം കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി. 

മലയോര പ്രദേശങ്ങളിലെ കര്‍ഷകരുടെ വലിയ തലവേദനയാണ് കാട്ടുപന്നികളുടെ ആക്രമണം. കാട്ടില്‍നിന്നിറങ്ങുന്ന പന്നികളെ കൊല്ലാന്‍ വന്യജീവി നിയമ പ്രകാരം അനുമതിയില്ല. തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നികളെ കീടങ്ങളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് കര്‍ഷകര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 11(1)(b) പ്രകാരം കര്‍ഷകര്‍ക്ക് അനുമതി നല്‍കാന്‍ ഉത്തരവായത്.  കാട്ടുപന്നി ശല്യം തടയുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് ഈ നടപടിയെന്ന് കോടതി വ്യക്തമാക്കി. 

കാട്ടുപന്നികള്‍ വിളകള്‍ നിരന്തരമായി നശിപ്പിക്കുന്നവെന്നായിരുന്നു കര്‍ഷകരുടെ പരാതി. നിലവില്‍ കാട്ടുപന്നി വന്യമൃഗമായതിനാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം അതിനെ കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്. ഈ നിയമം മൂലം അവ വലിയ തോതില്‍ പെറ്റു പെരുകുകയും, അവയുടെ എണ്ണം നിയന്ത്രിക്കാന്‍ പ്രയാസമാവുകയും ചെയ്യുന്നു. ഇതുമൂലം കൃഷിക്കാര്‍ക്ക് തങ്ങളുടെ വിളകളെ  സംരക്ഷിക്കാന്‍ മാര്‍ഗമില്ലാതാകുന്നു. ഇതിനാല്‍, കാട്ടുപന്നികളെ കീടങ്ങള്‍ ആയി പ്രഖ്യാപിക്കണം എന്നായിരുന്നു ആവശ്യം. 

'നടപ്പാക്കുന്നത് ഗാഡ്ഗില്‍ നിര്‍ദേശം'

കോടതി നിര്‍ദേശം കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്ന് തൃശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി വി സജീവ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വിളകള്‍ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റിയും നിര്‍േദശിച്ചിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ ഇത്തരം നിര്‍ദേശങ്ങളൊന്നും കണക്കാക്കാതെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കര്‍ഷകരെ ഇളക്കിവിട്ടത്. മറ്റ് വന്യമൃഗങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, കാട്ടുപന്നികള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതൊരു ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍, കൃഷി നശിപ്പിക്കുന്ന ഏത് വന്യജീവിയെയും കൊല്ലാനുള്ള ഒരു ലൈസന്‍സായി ഇതിനെ ആളുകള്‍ കണ്ടേക്കാം എന്ന ഭീഷണി ഇതോടൊപ്പം ഉണ്ടായേക്കാം. അത്തരമൊരു തെറ്റിദ്ധാരണ ഉണ്ടാകാതെ നോക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. കാട്ടുപന്നികളെ വലിയ രീതിയില്‍ കൊന്നൊടുക്കാനുള്ള സാധ്യതയും മുന്നില്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞു. കാട്ടുപന്നികളെ അനിയന്ത്രിതമായി വേട്ടയാടുന്നത് അവയെ ഒരുപക്ഷേ വംശനാശ ഭീഷണിയുടെ വക്കിലെത്തിച്ചേക്കാം. ഇത് തടയാനായി കാട്ടുപന്നികളെ സംരക്ഷിക്കാനുള്ള ശാസ്ത്രീയമായ പഠനങ്ങളും, നടപടികളും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

കൊന്നു തള്ളുന്ന കാട്ടുപന്നികളെ വേണ്ടരീതിയില്‍ സംസ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷി മാത്രമല്ല പ്രശ്നം, നമ്മള്‍ മാലിന്യങ്ങള്‍ വേണ്ടരീതിയില്‍ സാംസ്‌കരിക്കാത്തതും വന്യമൃഗങ്ങള്‍ കാടിറങ്ങാനുള്ള ഒരു കാരണമാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന കോഴിയുടെ മാംസാവശിഷ്ടങ്ങള്‍ പോലുള്ളവ തിന്നാന്‍ മൃഗങ്ങള്‍ കാട്ടിനുള്ളില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന സാഹചര്യവും ഒഴിവാക്കണം. കാട്ടുപന്നിയുടെ മാംസം എം പി ഐ പോലുള്ള ഏജന്‍സികള്‍ വഴി സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനും നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 

 

click me!