വിജിലൻസ് രൂപീകരണം നിയമപരമല്ലന്ന ഹർജി കേരള ഹൈക്കോടതി തള്ളി

By Web TeamFirst Published Feb 10, 2020, 2:21 PM IST
Highlights

അഴിമതിക്കേസിൽ പ്രതികളായ രണ്ട് വില്ലേജ് ഓഫിസർമാർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എ.ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. പാറശാല സ്വദേശി കരുണാനിധി, മോഹനൻ  എന്നിവരാണ് ഹർജി സമർപ്പിച്ചത്

കൊച്ചി: സംസ്ഥാനത്ത് വിജിലൻസിനെ രൂപീകരിച്ചത് നിയമാനുസൃതമല്ലെന്ന ഹർജി കേരള ഹൈക്കോടതി തള്ളി. അഴിമതിക്കേസുകൾ അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

അഴിമതിക്കേസിൽ പ്രതികളായ രണ്ട് വില്ലേജ് ഓഫിസർമാർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എ.ഹരിപ്രസാദ് അധ്യക്ഷനായ ബഞ്ച് തള്ളിയത്. പാറശാല സ്വദേശി കരുണാനിധി, മോഹനൻ  എന്നിവരാണ് ഹർജി സമർപ്പിച്ചത്. പ്രത്യേക നിയമ നിർമ്മാണത്തിലൂടെയല്ല വിജിലൻസിന്റെ രുപീകരണമെന്നും, അതുകൊണ്ട് തന്നെ നിയമസാധുതയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. 

പൊലീസ് വകുപ്പിന് കീഴിൽ പ്രത്യേക ഉത്തരവിലൂടെയാണ് വിജിലൻസ് രൂപീകരിച്ചത്. ഇതിനായി പൊലിസ് ആക്ട് ഭേദഗതി ചെയ്തിട്ടില്ലെന്നുമായിരുന്നു ഹർജിക്കാർ കോടതിയെ അറിയിച്ചത്. 

എന്നാൽ, നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് പൊലീസ് ആക്ട് നിലവിൽ വന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതു പ്രകാരം നിയമിതരാവുന്ന ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്നതെന്നും ഇവർക്ക് അന്വേഷണം നടത്താനും കേസെടുക്കാനും കുറ്റപത്രം നൽകാനും അധികാരമുണ്ടന്നും ഹൈക്കോടതി വ്യക്തമാക്കി.

വിജിലൻസ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വ്യക്തമായ നയം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ചില ഉദ്യോഗസ്ഥരെ  മാത്രം തിരഞ്ഞു പിടിച്ചു അഴിമതി നിരോധന പ്രകാരം നടപടിയെടുക്കാൻ വിജിലൻസ് ട്രിബ്യുണൽ ചട്ടം സർക്കാരിന് അധികാരം നൽകുന്നില്ലെന്ന് കോടതി പറഞ്ഞു. ഉദ്യോഗസ്ഥർക്ക് എതിരായ പരാതികൾ ട്രിബ്യൂണലിന് കൈമാറുമ്പോൾ അഴിമതി നിരോധന നിയമപ്രകാരം നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

click me!