
കൊച്ചി: കൊളംബോ കപ്പൽ ശാലയിൽ അറ്റക്കുറ്റപ്പണി നടത്തി പണം നൽകാതെ മുങ്ങിയ ഇന്ത്യൻ എണ്ണ കപ്പൽ പിടിച്ചെടുത്ത് ഹൈക്കോടതി നോട്ടീസ് പതിച്ചു. കോസ്റ്റൽ പൊലീസിന്‍റെ സഹായത്തോടെയാണ് ഹൈക്കോടതി ആമീൻ കപ്പലിൽ എത്തി നോട്ടീസ് പതിച്ചത്. മുംബൈ ആസ്ഥാനമായ മെർക്കേറ്റർ എന്ന കമ്പനിയുടെ എം.ടി ഹൻസ പ്രേം എന്ന കപ്പലിനെതിരെയാണ് കോടതി നടപടി.
അയർലണ്ടിൽ നിന്ന് മുംബൈ ആസ്ഥാനമായ എണ്ണക്കമ്പനി വാടകയ്ക്ക് എടുത്ത കപ്പലാണ് എം.ടി ഹൻസ പ്രേം. കഴിഞ്ഞ മെയിൽ കപ്പൽ അറ്റകുറ്റപ്പണിയ്ക്കായി കൊളംബോ കപ്പൽ ശാലയിൽ പ്രവേശിച്ചിരുന്നു.എന്നാൽ ജോലികൾ പൂർത്തിയായെങ്കിലും കരാർ തുക നൽകാൻ കപ്പൽ കമ്പനി മാസങ്ങളായിട്ടും തയ്യാറായില്ല. ഇതേ തുടർന്നാണ് കപ്പൽശാല അധികൃതർ ഇന്ത്യൻ എണ്ണക്കപ്പലിനെതിരെ കേരള ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് കപ്പൽ കസ്റ്റഡിയിലെടുത്ത് നോട്ടീസ് പതിക്കാൻ ഹൈക്കോടതി കോസ്റ്റൽ പോലീസിന് നിർദ്ദേശം നൽകിയത്.
ഈ മാസം രണ്ടിന് കൊച്ചിയിലേക്ക് ക്രൂഡോയിൽ ശേഖരിക്കാൻ വരുന്നതിനിടെ കപ്പൽ ഫോർട്ട് കൊച്ചിയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ കോസ് പോലീസ് തടഞ്ഞുവെച്ചു. ഇന്ന് ഉച്ചയോടെ ഹൈക്കോടതി ആമീൻ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് സഹായത്തോടെ പുറങ്കടലിലെത്തി നോട്ടീസ് പതിച്ചു. 78.8 ലക്ഷം രൂപ അടിയന്തരമായി കോടതിയിൽ കെട്ടിവെക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. കപ്പലിന്‍റെ ക്യാപ്റ്റൻ രണ്ടാം പ്രതിയും ഉടമ മൂന്നാം പ്രതിയുമാണ്. ഇവർക്കും നോട്ടീസ് കൈമാറിയിട്ടുണ്ട്. പണം കോടതിയിൽ കെട്ടിവെച്ചാൽ മാത്രമായിരിക്കും കപ്പലിനെ തുടർന്ന് യാത്ര ചെയ്യാൻ അനുവദിക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam