
കൊച്ചി: വിവരങ്ങൾ മറച്ചുവെച്ച് ഹൈക്കോടതിയെ സമീപിച്ചതിന് ഹർജിക്കാർക്ക് 50,000 രൂപ പിഴ ചുമത്തി ഹൈക്കോടതി. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് (റെറ) എതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്. ഗുരുവായൂരിലെ കേരള ഗ്രാമം പ്രോപ്പർട്ടീസും അതിന്റെ പാർട്ണർമാരുമാണ് ഹർജി നൽകിയത്. പരാതികളിൽ കാലപരിധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ റെറ പരിഗണിക്കുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. റെറ അജുഡിക്കേറ്റിങ് ഓഫീസർ കെഎസ് ശരത്ചന്ദ്രനെ എതിർ കക്ഷിയാക്കിയായിരുന്നു ഹർജി.
എന്നാൽ, റെറയുടെ ഉത്തരവിനെതിരെ ഹർജിക്കാർ ഇതിനു മുമ്പ് തന്നെ അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചിരുന്നുവെന്ന് കോടതിയിൽ വ്യക്തമായി. ഈ നിർണായക വിവരം മറച്ചുവെച്ചാണ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയതെന്ന് കോടതി കണ്ടെത്തി. നിയമപരമായ മറ്റു വഴികൾ തേടിയ വിവരം ഒളിച്ചുവെച്ചത് ഗൗരവകരമായ കുറ്റമാണെന്ന് കോടതി വിലയിരുത്തി. ഇതിനിടെ, പിഴത്തുക 10 ദിവസത്തിനകം കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണമെന്നും കോടതി നിർദേശിച്ചു. റെറയ്ക്കു വേണ്ടി അഡ്വ. പ്രിയ ഷാനവാസ് ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam