താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കി ഹൈക്കോടതി

By Web TeamFirst Published Mar 8, 2021, 10:23 PM IST
Highlights

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദ്ദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകൾക്കും കൈമാറണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

കൊച്ചി: സർക്കാർ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകൾക്കും നൽകണം എന്നും ഹൈക്കോടതി നിർദേശിച്ചു. ഐഎച്ച്ആർഡി വകുപ്പിൽ സ്ഥിര നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് താൽക്കാലിക ജീവനക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

സർക്കാർ സ്ഥാപനങ്ങൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്. ഒരു തസ്തികയിൽ ഏറെ നാൾ ജോലി ചെയ്തുവെന്ന പേരിൽ സ്ഥിരപ്പെടുത്തൽ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. ഇതിന് വിരുദ്ധമായ നടപടി കോടതി ഉത്തരവിനെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ വിലക്കിക്കൊണ്ട് ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അതേസമയം ഇതുവരെ നടപ്പാക്കിയ സ്ഥിരപ്പെടുത്തൽ നടപടികളിൽ ഈ ഉത്തരവ് ബാധകമാണോ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല. നേരെത്തെ 10 പൊതുമേഖ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താൽ കോടതി താത്കാലികമായി തടഞ്ഞിരുന്നു.
 

click me!