കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Published : Apr 24, 2024, 02:06 PM ISTUpdated : Apr 25, 2024, 09:58 AM IST
കേരളത്തിൽ വോട്ടെടുപ്പ് കൊടും ചൂടിൽ: പാലക്കാട് ഉഷ്ണതരംഗ സാധ്യത, 11 ജില്ലകളിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Synopsis

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ താപനില കുത്തനെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ഏപ്രിൽ 26 വരെ പാലക്കാട് ജില്ലയിൽ ഉഷ്‌ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളിൽ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പിൽ ആവശ്യപ്പെടുന്നു.

ഏപ്രിൽ 24 മുതൽ 28 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയായിരിക്കും. കൊല്ലം ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും,  ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയുമായിരിക്കും. സാധാരണയെക്കാൾ 2 - 4 °C കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 24 മുതൽ 28 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഏപ്രിൽ 24 മുതൽ 26 വരെ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന  പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

ഈ നിർദേശങ്ങൾ പാലിക്കണം

  1. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
  2. ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.
  3. ധാരാളമായി വെള്ളം കുടിക്കുക.
  4. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
  5. കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.
  6. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.
  7. വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. 
  8. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം. 
  9. എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.
  10. പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗവർണർ തീരുമാനിച്ചു, ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു
അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്ര; എംപിമാർ സുരക്ഷാ പരിശോധനയ്ക്ക് തയ്യാറായില്ലെന്ന് പരാതി