
ദില്ലി: യുദ്ധം നടക്കുന്ന യുക്രൈനിൽ നിന്ന് മടങ്ങുന്ന മലയാളികൾക്കായി കേരള ഹൗസിൽ താമസം, ഭക്ഷണം, യാത്രാ സൗകര്യങ്ങൾ ഒരുക്കും. ദില്ലി വിമാനത്താവളത്തിൽ കേരള ഹൗസിന്റെ കേന്ദ്രം തുറക്കും. ഭക്ഷണം, ടിക്കറ്റ് തുടങ്ങിയവയുടെയെല്ലാം ചിലവ് സംസ്ഥാനം വഹിക്കും. റൊമേനിയയിൽ നിന്ന് ദില്ലിയിലേക്ക് ഇന്ന് 17 മലയാളികൾ എത്തുമെന്നാണ് പ്രാഥമിക വിവരം.
ദില്ലിയിലെത്തുന്ന മലയാളികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. 19 മലയാളികൾ മുംബൈയിലും എത്തും. റൊമാനിയ വഴി മുംബൈയിലെത്തുന്ന വിദ്യാർത്ഥികളുടെ ആർടിപിസിആർ പരിശോധന സൗജന്യമാക്കി. മുംബൈയിലെത്തുന്ന മലയാളികൾക്ക് മുംബൈ കേരളാ ഹൗസിൽ താമസം, ഭക്ഷണം ,കേരളാ ഹൗസ് വരെയുള്ള യാത്രാ സൗകര്യങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വിമാനങ്ങൾ എത്തുന്ന സമയം അറിവായിട്ടില്ല. നോർക്കയും ടൂറിസം വകുപ്പും ചേർന്നാണ് ഒരുക്കങ്ങൾ തയ്യാറാക്കിയത്.
യുക്രൈനില്‍ (Ukraine) നിന്ന് തിരിച്ചെത്തുന്നവരെ സൗജന്യമായി ദില്ലിയില്‍ (Delhi) നിന്ന് കേരളത്തില്‍ എത്തിക്കുമെന്ന് നോര്‍ക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രാ ചിലവ് സംസ്ഥാനം വഹിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാര്‍ പി ശ്രീരാമകൃഷ്ണന്‍ (P Sreeramakrishnan) അറിയിച്ചിരുന്നു. യുക്രൈനിൽ നിന്ന് റൊമേനിയ അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികൾ അടക്കമുള്ള സംഘം ഇന്ന് മുംബൈക്ക് തിരിക്കും. 470 പേരുടെ സംഘത്തെയാണ് ഇന്ത്യയിലേക്ക് തിരികെ എത്തിക്കുക. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെയാണ് ആദ്യസംഘം റൊമേനിയിലെ ബുക്കാറെസ്റ്റിലെ വിമാനത്താവളത്തിൽ എത്തിയത്. ഭക്ഷണവും വെള്ളവും ഇവർക്ക് എംബസി അധികൃതർ വിതരണം ചെയ്തു. മടക്കയാത്രക്കുള്ള നടപടികൾ പൂർത്തിയാക്കി
മുംബൈയിലേക്ക് എത്തുന്ന ആദ്യ സംഘത്തെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ എത്തും. റൊമേനിയൻ അതിർത്തി വഴി രണ്ടാമത്തെ സംഘത്തെയും ഇന്ന് വിമാനത്താവളത്തിൽ എത്തിക്കും. ദില്ലിയിൽ നിന്നുള്ള വിമാനവും ഇന്ന് ബുക്കാറെസ്റ്റിൽ എത്തും. ഹംഗറിയിലേക്കും ഇന്ന് വിമാനമുണ്ട്. അതേസമയം പോളണ്ട് അതിർത്തിയിൽ എത്തിയ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിലാണ്. കീലോമീറ്ററുകളോളം നടന്ന് അതിർത്തിയിൽ എത്തിയിട്ടും കുടുങ്ങി കിടക്കുന്ന സാഹചര്യമാണ്. ഇവരെ അതിർത്തികടത്താനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എംബസി വ്യക്തമാക്കി. മൂൻകൂട്ടി അറിയിക്കാതെ അതിർത്തികളിൽ എത്തരുതെന്നും കിഴക്കൻ മേഖലകളിൽ അടക്കമുള്ളവർ അവിടെ തന്നെ തുടരാനും എംബസി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam