നേപ്പാളിൽ ഇന്നലെ രാത്രി ഉണ്ടായ ഭൂചലനത്തിൽ 69 പേർ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. ഒട്ടേറെ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. യുപി, ദില്ലി, ബീഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. എത്ര ഗുരുതരമാണ് സാഹചര്യമെന്ന് ഇനിയും വ്യക്തമായിട്ടില്ല. രാത്രി 11.30 യോടെ നടന്ന അപകടമായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു. ആളുകൾ ഉപ്പോഴും കെട്ടിങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്. 6.4 തീവ്ര രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയിൽ ഒരു മാസത്തിനിടെയുണ്ടായ മൂന്നാമത്തെ ഭൂകമ്പമാണ്.

08:24 PM (IST) Nov 04
ഇടതു മുന്നണി ദുർബലമായത് കൊണ്ടാണ് ലീഗിനെ സിപിഎം തുടരെ തുടരെ ക്ഷണിക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലീഗ് ഒരു പ്രബല ശക്തി ആണെന്ന് സിപിഎമ്മിന് മനസിലായി. ആ വെള്ളം വാങ്ങി വെച്ചാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടാണ്. ഈ സർക്കാരിനെ ഒരാൾക്കും പിന്തുണയ്ക്കാൻ കഴിയില്ലെന്നും ചെന്നിത്തല ഷാർജയിൽ പറഞ്ഞു.
05:22 PM (IST) Nov 04
സംസ്ഥാന കോൺഗ്രസിന്‍റെ, ബഹിഷ്കരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയിൽ പങ്കെടുത്തത് പാർട്ടിയെ ധിക്കരിച്ചാണെന്നും എഐസിസിയെ പരാതി അറിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടന്ന് തീരുമാനം. വേണ്ടപ്പെട്ടവരെ പരാതിയറിയിച്ചതായും സതീശൻ കൂട്ടിച്ചേർത്തു.
05:22 PM (IST) Nov 04
കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ് - 26 എണ്ണം. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
05:22 PM (IST) Nov 04
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്. മുൻ ധാരണ പ്രകാരം നവംബറിൽ ഗണേഷിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരള കോൺഗ്രസ് (ബി).
01:18 PM (IST) Nov 04
കണ്ണൂർ വളപട്ടണത്ത് ഇന്നലെ പൊലീസിന് നേർക്കുണ്ടായ വെടിവെപ്പിൽ പ്രതി ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. തോക്കിന് ലൈസൻസില്ലെന്നും പൊലീസ് വ്യക്തമാക്കി. റിവോൾവർ കൊണ്ട് മൂന്ന് റൗണ്ട് വെടിയുതിർത്തെന്നും ഒഴിഞ്ഞുമാറിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും എസ് ഐ വിശദീകരിച്ചു.
01:17 PM (IST) Nov 04
തൃത്താലയിൽ ഉറ്റസുഹൃത്തുക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മുസ്തഫയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഒരു കൊലപാതകത്തില്‍ ഇന്നലെ രാത്രിയിലും രണ്ടാം കൊലപാതകത്തില്‍ ഇന്ന് രാവിലെയുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അൻസാർ, കബീർ എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
12:04 PM (IST) Nov 04
തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായതിന്‍റെ കാരണം സിക വൈറസ് ബാധയെന്ന് സൂചന. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊതുക് പരത്തുന്ന രോഗമാണ് സിക.
12:03 PM (IST) Nov 04
പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുതതിയ കേസില്‍ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം. കേസില്‍ നവംബര്‍ ഒന്‍പതിനായിരിക്കും ശിക്ഷ വിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയാലെ തന്‍റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതില്‍ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.
11:45 AM (IST) Nov 04
ആലുവയിൽ ബിഹാർ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം മാർക്കറ്റിൽ ഉപേക്ഷിച്ച കേസിൽ 16 കുറ്റങ്ങളും തെളിഞ്ഞെന്നും പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനാണെന്നും വിചാരണ കോടതി വ്യക്തമാക്കി. എറണാകുളം പോക്സോ കോടതി പ്രതിഭാഗത്തിന്റെ അവസാന വാദം പരിഗണിച്ച് പ്രതിയുടെ മാനസിക നില പരിശോധിക്കാൻ നിർദ്ദേശിച്ചു. കേസിൽ അടുത്ത വ്യാഴാഴ്ച വിധി പറയും. അതിന് മുൻപ് മാനസിക നില പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം.
11:43 AM (IST) Nov 04
കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. താഹ നസീർ( 27) ആണ് അറസ്റ്റിൽ ആയത്. കോയമ്പത്തൂരിലെ കാർ സർവീസ് സെന്ററിൽ പെയിന്ററാണ് ഇയാൾ. അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
11:42 AM (IST) Nov 04
വയനാട് മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗസംഘം വനം വകുപ്പിന്റെ പിടിയിൽ. കർണാടകത്തിൽ നിന്ന് എത്തിച്ച ആനക്കൊമ്പ് പ്രതികൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പിടിയിലായവരിൽ കർണാടക സ്വദേശികളും വയനാട്ടുകാരുമുണ്ട്. വനംവകുപ്പിന്റെ ഫ്ലയിങ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
07:27 AM (IST) Nov 04
തൃത്താലയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ്. സുഹൃത്തുക്കളായ അന്‍സാറിനെയും കബീറിനെയും കൊന്നത് താന്‍ തന്നെയെന്ന് പ്രതി പറഞ്ഞു. പ്രതിയുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതിനാല്‍ അറസ്റ്റ് അടക്കം നടപടിക്രമങ്ങള്‍ പിന്നീട് നടത്തും. ഇന്ന് പ്രതിയെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുമെന്നും പൊലിസ്
07:26 AM (IST) Nov 04
വാളയാര്‍ കേസിലെ പ്രതികളുടെ മരണം സിബിഐ അന്വേഷിക്കണമെന്നവശ്യപ്പെട്ട് സമരസമിതി നടത്തുന്ന ജനകീയ മാര്‍ച്ചും ധര്‍ണയും ഇന്ന്. രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രതികളുടെ ദുരൂഹ മരണം സിബിഐ അന്വേഷിക്കുക, അവശേഷിക്കുന്ന പ്രതികള്‍ക്ക് പൊലിസ് സംരക്ഷണം ഏര്‍പ്പെടുത്തുക, കുട്ടികളുടെ മാതാവ് ആവശ്യപ്പെട്ട സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ ഉടന്‍ നിയമിക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രതിഷേധം.
07:25 AM (IST) Nov 04
ഉത്തരേന്ത്യയിൽ അതിശക്തമായ ഭൂചലനം.ഇന്നലെ രാത്രി 11.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. യു പി, ദില്ലി എൻസിആർ, ബീഹാർ, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.നേപ്പാളാണ് പ്രഭവകേന്ദ്രം. റിക്ടർ സെക്യിൽ 6.4 രേഖപ്പെടുത്തി. പലരും പരിഭ്രാന്തരായി വീടുകളിൽ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടി. ഒരു മാസത്തിനിടെ മൂന്നാമത്തെ തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. നാശനഷ്ടം ഇതു വരെ റിപ്പോർട്ട് ചെയ്തിട്ടില്ല
07:25 AM (IST) Nov 04
എറണാകുളം ആലുവയില്‍ ദുരഭിമാനകൊലപാതക ശ്രമത്തില്‍ പരിക്കേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കുട്ടി അപകട നില ിതുവരെ തരണം ചെയ്തിട്ടില്ല.ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് പതാനാലുകാരിയായ മകളെ പിതാവ് കമ്പി വിടികൊണ്ട് അടിച്ചും ബലമായി വിഷം വായില്‍ ഒഴിച്ചുമാണ് കൊല്ലാൻ ശ്രമിച്ചത്.കുട്ടിയുടെ ഈ മൊഴിപ്രകാരം അറസ്റ്റിലായ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍റിലാണ്.
07:24 AM (IST) Nov 04
എറണാകുളം കോതമംഗലത്ത് കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി കാമ്പസിനകത്തും പുറത്തുമായി വിദ്യാർത്ഥികളുടെ ജീപ്പ് റെയ്സിംഗ്. തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തിയതില്‍ ഒരാൾക്ക് പരിക്കേറ്റു.അപകടകരമായി വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റും ചെയ്തു.