
തിരുവനന്തപുരം: സംസ്ഥാനത്ത് എൻ്റെ സ്‌കൂൾ എൻ്റെ അഭിമാനമെന്ന പേരിൽ റീൽസ് മത്സരവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാലയത്തിൻ്റെ മികവുകൾ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് വീഡിയോ നിർമാണത്തിൽ പരിശീലനം നൽകുന്നതിനുമാണ് മത്സരം. 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' എന്നാണ് റീൽസ് മത്സരത്തിന്റെ വിഷയം. സ്‌കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വിനിയോഗം തുടങ്ങിയവയാണ് റീൽസിൽ വിഷയമാക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന 100 റീലുകൾക്ക് 5,000 രൂപ വീതം സമ്മാനം ലഭിക്കും. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇൻഫ്രാസ്ര്ടക്ചർ ആൻ്റ് ടെക്‌നിക്കൽ എജുക്കേഷൻ (കൈറ്റ്) ആണ് മത്സരം സംഘടിപ്പിക്കുന്നത്.
അവതരണം അഭിമുഖം എന്നിവയെല്ലാം കുട്ടികൾ തന്നെ ചെയ്യണം. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ മുൻകൈയെടുത്താണ് മത്സരത്തിനുള്ള റീൽസ് തയ്യാറാക്കേണ്ടത്. സ്വന്തം സ്‌കൂളിന് പുറമെ സമീപ പ്രദേശത്തെ സ്‌കൂളുകളെയും റീൽസ് എടുക്കുന്നതിന് തിരഞ്ഞെടുക്കാം. എൽപി - യുപി സ്‌കൂളുകൾക്കാണ് മുൻഗണന നൽകേണ്ടത്. ഒരു സ്‌കൂളിനെക്കുറിച്ച് 90 സെക്കന്റിൽ കൂടാത്ത റീലുകളാണ് തയ്യാറാക്കേണ്ടത്. റീലുകൾ സ്‌കൂളിന്റെ സാമൂഹിക മാധ്യമ പേജിൽ (ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്) പോസ്റ്റ് ചെയ്ത് കൈറ്റ് വിക്ടേഴ്‌സ് ചാനലിനെ ടാഗ് ചെയ്യണം. #എന്റെസ്‌കൂൾഎന്റെഅഭിമാനം, #MySchoolMyPride, #victerseduchannel എന്നീ ഹാഷ് ടാഗുകളിൽ വേണം അവരവരുടെ പേജുകളിൽ പോസ്റ്റ് ചെയ്യാൻ. വെർട്ടിക്കലായി ഷൂട്ട് ചെയ്യുന്ന വീഡിയോകളാകണമെന്നും ഫയലുകളുടെ വലുപ്പം 50 എംബിയിൽ കൂടതലാകരുതെന്നും എംപി4 ഫോർമാറ്റിലാകണമെന്നും നിബന്ധനയുണ്ട്.
വീഡിയോയുടെ ഫയൽ നെയിമിൽ ആദ്യം ജില്ലയുടെ പേരും പിന്നെ സ്‌കൂൾ കോഡും ചേർക്കണം. തിരഞ്ഞെടുക്കുന്ന റീലുകൾ കൈറ്റ്-വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനലിന്റെ 8714323499 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് റീലുകൾ അയയ്‌ക്കേണ്ടതാണ്. പ്രത്യേക ജൂറി മികച്ച റീലുകളെ തിരഞ്ഞെടുക്കും. കൈറ്റ് ജില്ലാ ഓഫീസുകൾ/കൈറ്റിന്റെ വെബ്‌സൈറ്റ് മുഖേന ലഭ്യമാക്കുന്ന എൻഡ് കാർഡ് വീഡിയോയുടെ അവസാനം ഉപയോഗിക്കണം. റീൽസുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9. ഇത് സംബന്ധമായ വിശദമായ വിവരങ്ങൾ കൈറ്റിന്റെ വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭിക്കും. എല്ലാ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും റീൽസ് തയ്യാറാക്കി കൈറ്റ് വിക്ടേഴ്‌സിലേക്ക് ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും അതത് കൈറ്റ്-മാസ്റ്റർ ട്രെയിനർമാർ ഉറപ്പുവരുത്തേണ്ടതാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.