
ദില്ലി: കെഎസ്എഫ്ഇ റെയ്ഡ് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ നേതാക്കളുടെ പരസ്യപ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. തോമസ് ഐസക്ക് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന നിലപാട് കേന്ദ്ര നേതാക്കൾ അറിയിച്ചു.
വിജിലൻസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനത്ത് ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജാഗ്രത പുലർത്താനുള്ള നിർദ്ദേശം മുതിർന്ന നേതാക്കൾക്ക് നല്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്തതിനാൽ അച്ചടക്ക നടപടി ആലോചിക്കില്ലെന്നാണ് വിവരം.
സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ, ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ള നേതാക്കൾ വിജിലൻസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വട്ടാണെന്നുള്ള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തിൽ മറുപടി നൽകേണ്ടതെന്നുള്ള ആനത്തലവട്ടത്തിന്റെ വാക്കുകളുമാണ് വിഷയം കൂടുതൽ വിവാദത്തിലാക്കിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ഏതായാലും കെഎസ്എഫ്ഇ റെയ്ഡിൽ തൂങ്ങി ഇനിയൊരു പരസ്യചർച്ചവേണ്ടെന്നാണ് പാർട്ടിയിലും മുന്നണിയിലുമുള്ള ധാരണ. അതിനിടെ സിപിഎം അവൈലബിൽ സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കെഎസ്എഫ്ഇ വിവാദമടക്കം ഇന്നത്തെ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam