
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. ഇടുക്കി, മലപ്പുറം, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിനിടെ ഡിറ്റ് വാ ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ മൂന്ന് മരണം. ഡെൽറ്റ ജില്ലകളിൽ കനത്ത മഴയിൽ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്യുന്നത്. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ മഴ തുടരും. തഞ്ചാവൂരിലും തൂത്തുക്കുടിയിലുമായി വീടിന്‍റെ ചുവരിടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. തഞ്ചാവൂരിൽ അച്ഛനമ്മമാർക്കും സഹോദരിക്കും ഒപ്പം കിടന്നുറങ്ങുകയായിരുന്നു രേണുക ദേവി എന്ന ഇരുപതുകാരിയാണ് മരിച്ചത്. മയിലാടുതുറയിൽ കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി പ്രതാപ് എന്ന യുവാവിനും ജീവൻ നഷ്ടമായി. 150 ലേറെ കന്നുകാലികൾ ചത്തതായും 234 വീടുകൾ തകർന്നതായും തമിഴ്നാട് റവന്യൂമന്ത്രി പറഞ്ഞു.
നാഗപ്പട്ടണത്തും മയിലാടുതുറൈയിലും രാമനാഥപുരത്തും ആയിരത്തിലേറെ ഹെക്ടർ കൃഷിഭൂമിയിൽ വെള്ളം കയറിയിട്ടുണ്ട്. പുതുച്ചേരിയിൽ മഴയും കാറ്റും ശക്തമായതോടെ ബീച്ചുകളിൽ നിന്ന് ആളുകളെ മാറ്റി. ശ്രീലങ്കയിലേക്കുള്ള വിമാനങ്ങൾ അടക്കം ചെന്നൈയിൽ നിന്നുള്ള 50 ലധികം സർവ്വീസുകൾ റദ്ദാക്കിയിരുന്നു. ശ്രീലങ്ക വിട്ട്, ഇന്ത്യൻ തീരത്തോട്അടുക്കുമ്പോഴേക്കും ദുർബലമായ ഡിറ്റ് വാ വൈകീട്ടോടെ അതിതീവ്ര ന്യൂനമർദ്ദമാകുമെന്നാണ് പ്രവചനം. വടക്കൻ തമിഴ്നാട് തീരത്ത് നിന്ന് 25 മുതൽ 50 കിലോമീറ്റർ അകലെയായി ബംഗാൾ ഉൾക്കടലിലൂടെ ആന്ധ്ര തീരത്തേക്ക് ഡിറ്റ് വാ നീങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam