'ആയിരം മത പ്രഭാഷണങ്ങളേക്കാൾ വലിയ സന്ദേശം', കാന്തപുരം മുസ്ലിയാർക്ക് അകൈതവമായ നന്ദി പറഞ്ഞ് കേരളം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രാർത്ഥന തുടരുന്നു

Published : Jul 15, 2025, 04:57 PM IST
Kanthapuram nimisha priya

Synopsis

മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശത്തിന്‍റെ കേരളത്തിന്റെ മാതൃകയുടെ യഥാർത്ഥ രൂപമാണ് കാന്തപുരത്തിന്‍റെ ഇടപെടലെന്നാണ് കേരളം ഒരേ മനസാൽ പറയുന്നത്

തിരുവനന്തപുരം: യെമനിൽ നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ പ്രശംസിച്ച് കേരളം. വിവിധ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമടക്കമുള്ളവർ കാന്തപുരത്തിന്‍റെ ഇടപെടലിനെ വാഴ്ത്തി. മന്ത്രിമാരായ വീണാ ജോർജ്, ആർ ബിന്ദു, വി ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ തുടങ്ങി നിരവധി നേതാക്കളാണ് കാന്തപുരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശത്തിന്‍റെ കേരളത്തിന്റെ മാതൃകയുടെ യഥാർത്ഥ രൂപമാണ് കാന്തപുരത്തിന്‍റെ ഇടപെടലെന്നാണ് ഇവർ അഭിപ്രായപ്പെട്ടത്.

വി ഡി സതീശൻ പറഞ്ഞത്

നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധ ശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടിഇനി കാത്തിരിക്കാം.

വീണാ ജോർജ് പറഞ്ഞത്

നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ആദരണീയനായ കാന്തപുരം ഉസ്താദിന് സ്നേഹാദരം.

ആർ ബിന്ദുപറഞ്ഞത്

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് മനുഷ്യസ്നേഹത്തിന്റെ മഹദ് സന്ദേശം ഉയർത്തിപ്പിടിച്ച് ഇടപെട്ട ബഹുമാനപ്പെട്ട കാന്തപുരം അവർകൾക്ക് സ്നേഹാഭിവാദ്യങ്ങൾ. ....

രമേശ് ചെന്നിത്തല പറഞ്ഞത്

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാർത്ത കേട്ടു. വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദി! ഇതാണ് കേരളത്തിന്റെ മാതൃക ! മോചന ദ്രവ്യം നൽകി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ശശി തരൂർ പറഞ്ഞത്

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ വിവിധ ഇടപെടലുകൾ 2020 മുതൽ നടന്നിട്ടുണ്ട്. യെമനിലെ ഇന്ത്യയ്ക്ക് ഒരു എംബസിയുണ്ട് എന്നാൽ യെമനിലെ രാഷ്ട്രീയ, സുരക്ഷാ സാഹചര്യം കാരണം, 2015 ഏപ്രിൽ മുതൽ ജിബൂട്ടിയിലെ ഒരു ക്യാമ്പ് ഓഫീസിൽ നിന്നാണ് സനയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പ്രവർത്തിക്കുന്നത്. ഇത് കൊണ്ട് തന്നെ നമ്മുടെ നയതന്ത്രപരമായ ഇടപെടലുകൾ ഇതു വരെ വിജയിച്ചിട്ടില്ല. ഈ അവസരത്തിൽ ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിയ മർകസ് ചാൻസലറുമായ ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അദ്ദേഹത്തിൻ്റെ ദീർഘകാല സുഹൃത്തും യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നു. അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ വിജയകരമാകാൻ കേരളം ഒറ്റക്കെട്ടായി പ്രാർത്ഥിക്കുന്നു. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാനും വെറുപ്പും വിദ്വേഷവും വളർത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനം എന്ന നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദ്.

കെ ടി ജലീൽ പറഞ്ഞത്

ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്ന് നാളെ നടപ്പിലാക്കേണ്ടിയിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച് യമൻ കോടതി പുറപ്പെടുവിച്ച നിർണ്ണായക വിധി ആശാവഹമാണ്. ബന്ധുക്കൾ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമെ ഇസ്ലാമിക ശരീഅത്ത് പ്രകാരം വധശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കൂ. വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഇതിലൂടെ സാവകാശം ലഭിക്കുമെന്നത് ചെറിയ കാര്യമല്ല. അറേബ്യൻ ലോകത്ത് അപൂർവ്വ സംഭവങ്ങളിൽ ഒന്നാണ് വധശിക്ഷ നീട്ടിക്കൊണ്ടുള്ള ഈ വിധി. ശൈഖുനാ കാന്തപുരം ഉസ്താദിനെ കൊണ്ട് മാത്രം കഴിയുന്ന ഇടപെടലിനെ തുടർന്നാണ് അതിവിരളമായ ഇത്തരമൊരു നീക്കം. ശൈഖുന എ.പി അബൂബക്കർ മുസ്ല്യാർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

മാത്യു കുഴൽനാടൻ പറഞ്ഞത്

അഭിമാനം.. സന്തോഷം.. പ്രതീക്ഷ. അങ്ങ് നടത്തിയ ഈ ഇടപെടൽ നിമിഷപ്രിയക്കോ അവരുടെ കുടുംബത്തിനോ വേണ്ടി മാത്രമല്ല, ഞങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടിയാണ്. ഇത് നൽകുന്ന സന്ദേശം ആയിരം മത പ്രഭാഷണങ്ങൾക്കു നൽകാനാവില്ല. നന്ദി

 

PREV
Read more Articles on
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി