1000 വോട്ടിന് സുധീരൻ, 800 വോട്ടിന് റിയാസ്, 89 വോട്ടിന് സുരേന്ദ്രൻ: വമ്പന്മാരെ വീഴ്ത്തിയ അപരന്മാര്‍

Published : Apr 05, 2024, 11:09 AM IST
1000 വോട്ടിന് സുധീരൻ, 800 വോട്ടിന് റിയാസ്, 89 വോട്ടിന് സുരേന്ദ്രൻ: വമ്പന്മാരെ വീഴ്ത്തിയ അപരന്മാര്‍

Synopsis

ആയിരം വോട്ടിന് സുധീരനും 838 വോട്ടിന് റിയാസും 89 വോട്ടിന് സുരേന്ദ്രനും തോറ്റതിന് പിന്നിൽ ഒറ്റ കാരണം: അപരന്മാര്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചതോടെ സംസ്ഥാനത്ത് ചിത്രം കുറേക്കൂടി വ്യക്തമായി. എന്നാൽ മിക്ക മണ്ഡലങ്ങളിലും പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാർ രംഗത്തുണ്ട്. തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ 20 മണ്ഡലങ്ങളിൽ ഭൂരിഭാഗവും അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം മുന്നണി സ്ഥാനാര്‍ത്ഥികളുടെ ജയപരാജയത്തെ നിര്‍ണയിക്കുന്നതാണ്. എന്നാൽ അപരന്മാരുടെ കളി കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

അപരന്മാൽ തോൽപ്പിച്ചത് ഇവരെ

1980 -ൽ മൂവാറ്റുപുഴ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് ആ അർത്ഥത്തിൽ നിരവധി അപൂർവതകൾ നിറഞ്ഞ ഒന്നാണ്. മത്സരിച്ച പ്രധാന സ്ഥാനാർത്ഥികൾ തന്നെ പരസ്പരം അപരന്മാർ ആയിരുന്നു. ആന ചിഹ്നത്തിൽ മത്സരിച്ച ജോർജ് ജോസഫ് മുണ്ടക്കലും കുതിര ചിഹ്നത്തിൽ  കേരള കോൺഗ്രസ് സ്ഥാനാർഥി ജോർജ് ജെ മാത്യുവും തമ്മിലായിരുന്നു പ്രധാന മത്സരം. 4330 ന്റെ ഭൂരിപക്ഷത്തിനു ജോർജ് ജോസഫ് മുണ്ടക്കൽ ജോർജ് ജെ മാത്യുവിനെ അട്ടിമറിച്ചപ്പോൾ, ഒട്ടകം ചിഹ്നത്തിൽ മത്സരിച്ച എൻവി ജോർജ് 11859 വോട്ടുമറിച്ചു.

2001 -ൽ  നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ മത്സരിച്ച അന്നത്തെ ഡിവൈഎഫ്ഐ നേതാവ് ടി ശശിധരൻ 406 വോട്ടിനാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ തോമസ് ഉണ്ണിയാടനോട് തോൽക്കുന്നത്. അപരനായെത്തി 1867 വോട്ടുകൾ കവർന്ന മറ്റൊരു ശശിധരൻ, ടി ശശിധരന് പാരയായി.

2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിലെ പോരാട്ടം സിപിഎം സ്ഥാനാർഥി കെ.എസ്.മനോജും വി.എം.സുധീരനും തമ്മിൽ ആയിരുന്നു. അപ്പോഴാണ് അപരനായി  വി.എസ്.സുധീരൻ രംഗത്തെത്തുന്നത്. മത്സരത്തിൽ 1,009 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മനോജ് വിജയിച്ചു. അപരൻ സ്വന്തമാക്കിയത് 8,282 വോട്ടുകൾ. ഈ റെക്കോർഡ് മറ്റൊരു അപരനും തകർക്കാനായിട്ടില്ല. അന്നു വിജയിച്ചിരുന്നെങ്കിൽ വി.എം.സുധീരൻ കേന്ദ്രമന്ത്രിയാകാൻ സാധ്യതയുണ്ടായിരുന്നു. ഷട്ടിൽ കോക്കായിരുന്നു വി.എസ്.സുധീരന്റെ ചിഹ്നം. ബാലറ്റിൽ അത് അച്ചടിച്ചുവെച്ചിരിക്കുന്നത് കാണുമ്പോൾ കൈപ്പത്തി പോലെ തോന്നിയതും വോട്ടർമാരെ കുഴപ്പിച്ചു

2004 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ പി സി തോമസ്  ജോസ് കെ മാണി, അഡ്വ. പിഎം ഇസ്മായിൽ എന്നിവർ തമ്മിൽ ശക്തമായ  ശക്തമായ ത്രികോണ മത്സരം നടന്നപ്പോൾ  പി സി തോമസ് എന്ന പേരിൽ രണ്ടപരന്മാർ കൂടി ഉണ്ടായിരുന്നു. അവരുടെ ചിഹ്നങ്ങളായ ഹാർമോണിയവും വീടും, ഒറിജിനൽ പിസി തോമസിന്റെ ചിഹ്നമായ ടെലിവിഷനുമായി ബാലറ്റിൽ നല്ല സാമ്യമുള്ളവയായിരുന്നു. എന്തായാലും രണ്ടപരന്മാരും ചേർന്ന് ആഞ്ഞു പിടിച്ച്  5189 വോട്ട് നേടിയിട്ടും, പി സി തോമസ് 529 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ച് കടന്നുകൂടി.

2009- ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിക്കാനിറങ്ങിയത് കോൺഗ്രസിൽ നിന്ന് എംകെ രാഘവൻ. സിപിഎമ്മിൽ നിന്ന് പിഎ മുഹമ്മദ് റിയാസ്. കെ രാഘവനും എം രാഘവനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാരായി മത്സരിച്ചു. റിയാസ്, പിഎ മുഹമ്മദ് റിയാസ്, പി മുഹമ്മദ് റിയാസ്, മുഹമ്മദ് ഹാജി എന്നിവരായിരുന്നു ഇടത് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായിരുന്ന അപര വെല്ലുവിളി. ആകെ പോൾ ചെയ്ത 797578 വോട്ടിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ 2743 വോട്ടാണ്. എന്നാൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപരന്മാര്‍ 6371 വോട്ട് നേടി. ആകെ 838 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ വിജയം.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ 89 വോട്ടിന് യു.ഡി.എഫിലെ പി.ബി.അബ്ദുൾറസാഖിനോട് പരാജയപ്പെട്ടപ്പോൾ അതിനും ഒരു അപര സാന്നിധ്യം കാരണമായി. ’ഐസ്‌ക്രീം’ ചിഹ്നത്തിൽ സ്വതന്ത്രനായി മത്സരിച്ച് 467 വോട്ട് പിടിച്ച കെ സുന്ദര.  അന്ന് കെ സുരേന്ദ്രന് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ കെ സുന്ദരയ്ക്ക് വീണില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നേമത്തിനൊപ്പം വടക്കൻ കേരളത്തിലും ’താമര’ വിരിയുമായിരുന്നു.

ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിലെ അപരന്മാർ ഏതൊക്കെ സ്ഥാനാർത്ഥികളുടെ തലവര മാറ്റി വരയ്ക്കുമെന്ന് കാത്തിരുന്നു തന്നെ കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി; സ്ഥാനാര്‍ത്ഥികളെ ഒറ്റ പട്ടികയായി ഈ മാസം 20ഓടെ പ്രഖ്യാപിക്കും
കേരള മനസാക്ഷിയെ ‍ഞെട്ടിച്ച ഇലന്തൂർ നരബലി കേസ്, അന്ധവിശ്വാസത്തിന്റെ പേരിൽ ക്രൂരകൊലപാതകങ്ങൾ, പത്മ കേസിൽ വിചാരണ തുടങ്ങി