തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ

Published : Dec 14, 2025, 12:42 AM IST
ldf udf bjp

Synopsis

സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നേടിയപ്പോൾ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് കോൺഗ്രസാണ്. തൊട്ടുപിന്നിൽ സിപിഎമ്മും മൂന്നാം സ്ഥാനത്ത് മുസ്ലിം ലീഗും എത്തിയപ്പോൾ ബിജെപി നാലാം സ്ഥാനത്താണ്. മറ്റു പാർട്ടികളുടെ സീറ്റ് നില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം കാഴ്‌ചവെച്ചപ്പോൾ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചതാരെന്ന ചോദ്യവും പ്രസക്തമാണ്. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും കിട്ടിയ സീറ്റ് നില എങ്ങിനെയെന്ന് പരിശോധിക്കാം.

യു.ഡി.എഫിനെ നയിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയാണ് ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത്. ആകെ 7816 സീറ്റുകൾ ജയിച്ച കോൺഗ്രസിന് പഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ലാ പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിക്കാനായി. ആറ് കോർപ്പറേഷനുകളിലുമായി കോൺഗ്രസിൻറെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച 148 പേർ വിജയിച്ചു.

അതേസമയം എൽഡിഎഫിനെ നയിച്ച സിപിഎമ്മും ഏറെ ദൂരത്തിലല്ല. സിപിഎമ്മിൻ്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ച 7454 പേർക്ക് വിജയിക്കാൻ സാധിച്ചു. 5541 പേർ പഞ്ചായത്തിലേക്കും 743 പേർ ബ്ലോക്ക് പഞ്ചായത്തിലേക്കും 113 പേർ ജില്ലാ പഞ്ചായത്തിലേക്കും 946 പേർ നഗരസഭകളിലേക്കും 111 പേർ കോർപറേഷനിലേക്കും വിജയിച്ചു.

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗാണ് സീറ്റ് നിലയിൽ മൂന്നാമത്. ആകെ 2844 സീറ്റുകളിൽ ജയിച്ച മുസ്ലിം ലീഗിന് ഒരൊറ്റ കോർപറേഷൻ സീറ്റിൽ മാത്രമേ ജയിക്കാനായുള്ളൂ എന്ന ന്യൂനത മാത്രമേയുള്ളൂ. നാലാം സ്ഥാനത്ത് എൻഡിഎയെ നയിക്കുന്ന ബിജെപിയാണ്. 93 കോർപറേഷൻ സീറ്റുകളിൽ അടക്കം 1913 സീറ്റുകളിൽ താമര ചിഹ്നത്തിൽ സ്ഥാനാർത്ഥികൾ ജയിച്ചു. അതേസമയം ബിജെപിക്ക് ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണത്തെ 2 സീറ്റിൽ ഇത്തവണ ഒന്നിൽ മാത്രമാണ് ജയിക്കാനായത്.

എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയാണ് അഞ്ചാം സ്ഥാനത്ത്. 12 കോർപറേഷൻ ഡിവിഷൻ, 99 മുനിസിപ്പാലിറ്റി അംഗങ്ങളും 24 ജില്ലാ പഞ്ചായത്ത് അംഗങ്ങളും അടക്കം 1018 സീറ്റിൽ സിപിഐ സ്ഥാനാർത്ഥികൾ ജയിച്ചു. യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് 332 സീറ്റുകളിൽ ജയിച്ച് ഏഴാം സ്ഥാനത്തെത്തി. എൽഡിഎഫിലെ പ്രബല കക്ഷിയായ കേരള കോൺഗ്രസ് എം 246 സീറ്റുകളിൽ ജയിച്ചു. എന്നാൽ ആദ്യ ആറ് സ്ഥാനക്കാരെ അപേക്ഷിച്ച് ആറ് കോർപറേഷനുകളിൽ മത്സരിച്ച ഒരു സീറ്റിൽ പോലും ജയിക്കാൻ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികൾക്ക് സാധിച്ചില്ല.

97 സീറ്റുകളിൽ ജയിച്ച എസ്‌ഡിപിഐയാണ് എട്ടാം സ്ഥാനത്ത്. ട്വൻ്റി ട്വൻ്റി 78 സീറ്റുകളുമായി ഒൻപതാമതാണ്. 63 സീറ്റ് നേടി എൽഡിഎഫിലെ ആർജെഡി പത്താം സ്ഥാനത്തെത്തി. 57 സീറ്റുകളുമായി യുഡിഎഫിലെ ആർഎസ്‌പി പതിനൊന്നാം സ്ഥാനത്താണ്. 44 സീറ്റ് നേടിയ എൽഡിഎഫിലെ ജെഡിഎസാണ് 12ാം സ്ഥാനത്ത്. യുഡിഎഫിലെ കേരള കോൺഗ്രസ് ജേക്കബ് 34 സീറ്റുമായി 13ാം സ്ഥാനത്താണ്. 31 സീറ്റുമായി വെൽഫെയർ പാർട്ടിയാണ് 14ാമത്. 29 ഇടത്ത് വിജയിച്ച ആർഎംപി 15ാം സ്ഥാനത്താണ്. എൽഡിഎഫ് ഘടകകക്ഷി എൻസിപി(എസ്‌പി) 25 സീറ്റുമായി 16ാം സ്ഥാനത്താണ്. യുഡിഎഫിലെ സിഎംപി (സിപി ജോൺ) വിഭാഗം പത്ത് സീറ്റ് നേടി 17ാം സ്ഥാനത്തും എൽഡിഎഫിലെ ഐഎൻഎലും നാഷണൽ സെക്യുലർ പാർട്ടിയും 9 സീറ്റ് വീതം നേടി 18ാം സ്ഥാനത്തുമാണ്.

മാണി സി കാപ്പൻ്റെ കെഡിപി പാർട്ടിക്ക് എട്ട് സീറ്റിലാണ് വിജയിക്കാനായത്. എൽഡിഎഫിലെ ജനാധിപത്യ കേരള കോൺഗ്രസ് ആറ് സീറ്റ് നേടി. എൻഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബിഡിജെഎസിനും പിഡിപിക്കും അഞ്ച് സീറ്റ് വീതം ലഭിച്ചു. ബിഎൻജെഡി, ബിഎസ്‌പി, ആം ആദ്മി പാർട്ടികൾക്ക് മൂന്ന് സീറ്റ് വീതം ലഭിച്ചു. എൻഡിഎയിലെ എൽജെപിയും യുഡിഎഫിലെ ഫോർവേഡ് ബ്ലോക്കും ഒപ്പം സമാജ്‌വാദി പാർട്ടിക്കും ഓരോ സീറ്റ് വീതം ലഭിച്ചു. ഇതിനെല്ലാം പുറമെ, മുന്നണികൾ നിർത്തിയതും അല്ലാതെയുമായി 1403 സ്വതന്ത്ര സ്ഥാനാർത്ഥികളും ജയിച്ചിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ
അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല