
പത്തനംതിട്ട/തിരുവനന്തപുരം:വിജയിക്കുമെന്ന് പൂർണ ആത്മവിശ്വാസമുണ്ടെന്നും തീരുമാനങ്ങളെല്ലാം മുൻകൂട്ടിയെടുക്കാൻ കഴിഞ്ഞുവെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമലയിൽ കൊള്ള നടത്തിയവർക്ക് അനുകൂലമായി അയ്യപ്പൻ ചിന്തിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അയ്യപ്പൻ യു.ഡി.എഫിന് അനുകൂലമായി തീരുമാനം കൈക്കൊള്ളുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് അടക്കം സംഘടിപ്പിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിൽ ചില അഭിപ്രായഭിന്നതകൾ അതാത് സ്ഥലത്ത് പരിഹരിക്കും. റിബലുകൾ വരാതിരിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 13ന് കാണാമെന്നും വെൽഫെയർ പാർട്ടിയുമായുള്ള സഖ്യത്തിൽ മുന്നണി കൂട്ടായി ആലോചിക്കുമെന്നും യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങിയെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും പരാജയം മുന്നിൽക്കണ്ടാണ്സർക്കാർ വാർഡ് വിഭജനം നടത്തിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.പ്രതിപക്ഷ പങ്കാളിത്തം ഇല്ലാതെ വാർഡ് വിഭജനം നടത്തിയത്. അശാസ്ത്രീയമായി നടത്തിയ വാർഡ് വിഭജനം ഹിയറിങ് പ്രഹസനമായിരുന്നു. ചെരിപ്പിനു അനുസരിച്ചു കാല് മുറിക്കുന്ന രീതിയിലാണ് വാര്‍ഡ് വിഭജനം നടന്നത്. വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നു. കൂട്ടത്തോടെ മാറ്റിചേർത്തു.വാർഡ് വിഭജന പരാതികൾ കോടതിക്ക് മുന്നിലാണ്. ഹൈക്കോടതി വിധി കാത്തിരിക്കുകയാണ്.എങ്കിലും വിജയ പ്രതീക്ഷയുണ്ട്. വി എം വിനുവിനെപ്പോലെയുള്ളവര്‍ മത്സരിക്കുന്നത് നല്ലകാര്യമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.