രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്

Published : Dec 08, 2025, 01:06 AM IST
election kerala

Synopsis

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ഇന്ന് രാവിലെ 9 മണി മുതൽ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും

തിരുവനന്തപുരം: രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിന് ഇന്ന് നിശബ്ദ പ്രചാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ നാളെ വിധി കുറിക്കാൻ പോളിംഗ് ബൂത്തിലെത്തും. വോട്ടര്‍മാരുടെ മനസ് കീഴടക്കാനുളള അവസാനവട്ട ശ്രമങ്ങളിലാണ് നിശബ്ദ പ്രചാരണ ദിവസം സ്ഥാനാര്‍ഥികളും നേതാക്കളും. വോട്ട് തേടിയുളള സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നെട്ടോട്ടം ഇന്ന് കൊണ്ട് അവസാനിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുളള ഏഴ് ജില്ലകളില്‍ മുമ്പെങ്ങും കാണാത്തവിധം പ്രചാരണത്തില്‍ ആളും ആരവവും ആവേശവും പ്രകടമായിരുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനും അട്ടിമറിക്കാനുമായി സ്ഥാനാര്‍ഥികളും മുന്നണികളും കളം നിറഞ്ഞതോടെ ഗോദയില്‍ വികസനം മുതല്‍ അഴിമതി വരെ ചര്‍ച്ചയായി.

36630 സ്ഥാനാര്‍ഥികൾ ജനവിധി തേടുന്നു

തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴു ജില്ലകളാണ് നാളെ പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ഇന്ന് രാവിലെ 9 മണി മുതൽ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേയ്ക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയലധികം വോട്ടര്‍മാര്‍ക്കായി 15432 പോളിങ് സ്റ്റേഷനുകളുണ്ട്. 480 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്. ഇവിടങ്ങളിൽ പ്രത്യേക പൊലീസ് സുരക്ഷയും വെബ് കാസ്റ്റിങ്ങും വീഡിയോ ഗ്രാഫിയും ഉണ്ടാകും. രണ്ടു ഘട്ടങ്ങളിലായി പോളിങ്ങിന് 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പൊലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

രാഹുൽ മാങ്കുട്ടത്തിൽ കേസും ശബരിമല സ്വർണക്കൊള്ളയും

ശബരിമല സ്വര്‍ണകൊള്ള ചര്‍ച്ചയാക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉയര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം തിരിച്ചടി ആകില്ലന്നാണ് യു ഡി എഫ് വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പറേഷനുകളിലുള്‍പ്പെടെ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ ഡി എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ പ്രശ്നങ്ങൾ പരിഹരിച്ചതുള്‍പ്പെടെയുളള വിഷയങ്ങളാണ് കൊച്ചിയില്‍ അവസാനദിവസത്തേയും ചര്‍ച്ചാവിഷയം. കനത്ത തിക്രോണ മത്സരം നടക്കുന്ന തിരുവനന്തപുരം ഇക്കുറി പ്രവചനാതീതമാണ്. സി പി എമ്മിനും ബി ജെ പിക്കും കോണ്‍ഗ്രസിനുമായി പ്രമുഖര്‍ രംഗത്തിറങ്ങിയതോടെ വലിയ വീറും വാശിയുമാണ് പ്രകടമായത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ പോരാട്ടം തീപാറുമെന്ന് ഉറപ്പ്. സ്വര്‍ണകൊള്ള വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന ആശങ്കയും പ്രതീക്ഷയും മുന്നണികളില്‍ പ്രകടമാണ്. 7 ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11, 168 വാര്‍ഡുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

PREV
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി