പോളിംഗ് ശതമാനം കുത്തനെയിടിഞ്ഞു; 2024ലെ കണക്കുകള്‍ കേരളത്തില്‍ ആരെ തുണയ്ക്കും, ആരെ പിണക്കും?

By Web TeamFirst Published Apr 27, 2024, 7:48 AM IST
Highlights

വാശിയേറിയ പ്രചാരണം വോട്ടായില്ല, കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്ത്...

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ പോളിംഗ് ശതമാനത്തില്‍ കനത്ത ഇടിവുണ്ടായത് മുന്നണികളെ കുഴക്കും. 2019 പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഏഴ് ശതമാനം കുറവ് വോട്ടുകളാണ് ഇക്കുറി സംസ്ഥാനത്ത് പോള്‍ ചെയ്‌തത്. കനത്ത ചൂടിനൊപ്പം മറ്റെന്തെങ്കിലും ഘടകം പോളിംഗിനെ സാരമായി ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. 

40 ദിവസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പ് കേരളത്തില്‍ സാക്ഷ്യംവഹിച്ചത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ശക്തമായി പ്രചാരണം നടത്തി. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്‍റെ പ്രതീതിയുണ്ടായി. ദേശീയ നേതാക്കളും മന്ത്രിമാരുമടക്കം മത്സരിച്ചതോടെ തെരഞ്ഞെടുപ്പ് വാശിയുയര്‍ന്നു. എന്നാല്‍ പോളിംഗ് ദിനം കേരളം എല്ലാ പ്രതീക്ഷകളും തകര്‍ത്തു. കഴിഞ്ഞ തവണത്തെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടക്കുമെന്ന് തോന്നിച്ച സ്ഥാനത്ത് ഇത്തവണ പോളിംഗില്‍ ഏഴ് ശതമാനത്തിന്‍റെ കുറവുണ്ടായി. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 77.84 ആയിരുന്നു പോളിംഗ് ശതമാനം എങ്കില്‍ 2024ല്‍ ഇതുവരെ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം 70.35 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 

പോളിംഗ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം. കേന്ദ്രത്തില്‍ ഹാട്രിക് ലക്ഷ്യമിടുന്ന എന്‍ഡിഎ, കേരളത്തില്‍ നാളിതുവരെ അക്കൗണ്ട് തുറന്നിട്ടില്ലെങ്കിലും ഇത്തവണ സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു. വയനാട്ടിലെ സ്ഥാനാര്‍ഥി കൂടിയായ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം യുഡിഎഫ് ക്യാംപിനും ഒരിക്കല്‍ക്കൂടി ആവേശമായി. അതേസമയം, ഭരണവിരുദ്ധവികാര സാധ്യത അടക്കമുള്ള പല പ്രതിസന്ധികള്‍ക്കിടയില്‍ എല്‍ഡിഎഫും ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടു. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ പോലും പോളിംഗ് കുറഞ്ഞു. പോളിംഗ് ശതമാനത്തിലെ കുറവ് ആരെ തുണയ്ക്കും, ആരെ പിണക്കും എന്ന് ജൂണ്‍ നാലിനറിയാം. 

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം

1. തിരുവനന്തപുരം- 66.43
2. ആറ്റിങ്ങല്‍- 69.40
3. കൊല്ലം- 68.09
4. പത്തനംതിട്ട- 63.35
5. മാവേലിക്കര- 65.91
6. ആലപ്പുഴ- 74.90
7. കോട്ടയം- 65.60
8. ഇടുക്കി- 66.43
9. എറണാകുളം- 68.10
10. ചാലക്കുടി- 71.68
11. തൃശ്ശൂര്‍- 72.20
12. പാലക്കാട്- 73.37
13. ആലത്തൂര്‍- 73.13
14. പൊന്നാനി- 69.04
15. മലപ്പുറം- 73.14
16. കോഴിക്കോട്- 75.16
17. വയനാട്- 73.26
18. വടകര- 77.66
19. കണ്ണൂര്‍- 76.89
20. കാസര്‍കോട്- 75.29

Read more: സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ പിയെ കരുവാക്കി ഒന്നാംപ്രതിയായ മുഖ്യമന്ത്രി തടിതപ്പുന്നു: വി ഡി സതീശന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!