'നല്ലവനായ ഉണ്ണി', ദുഷിച്ച പ്രചരണം നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു; ഷാഫി പറമ്പിലിനെതിരെ പി ജയരാജൻ

By Web TeamFirst Published Apr 28, 2024, 7:20 PM IST
Highlights

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജൻ പരിഹസിച്ചു.

തിരുവനന്തപുരം: വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജൻ. എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി പറമ്പില്‍. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജൻ പരിഹസിച്ചു.

പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങൾക്കും ഷാഫി പിന്തുണ നൽകി. ശൈലജ ഇസ്ലാമിനെതിരെ പറഞ്ഞു എന്ന തരത്തിൽ യുഡിഎഫുകാർ വീഡിയോ ഇറക്കി. ഇതിനെ എവിടെയെങ്കിലും ഷാഫി തള്ളി പറഞ്ഞിരുന്നൊ എന്ന് പി ജയരാജൻ ചോദിച്ചു. ഇപ്പോള്‍ ഷാഫി പറമ്പിൽ നല്ലവനായ ഉണ്ണിയെപ്പോലെ നടക്കുകയാണ്. വിഷലിപ്തമായ പ്രചരണങ്ങൾക്ക് പിന്നിൽ ഇന്നലെ മുളച്ചുപൊന്തിയ മാങ്കൂട്ടങ്ങളാണ്. എന്തൊക്കെ തറവേല കാണിച്ചാലും ശൈലജ വിജയിക്കുമെന്നും പി ജയരാജൻ ഫേസ്ബുക്കില്‍ കുറിച്ചു. 

പി ജയരാജൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെ എന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗ്ഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാൻ പറയുന്നത്.പോളിംഗ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നത്?

ശൈലജ ടീച്ചർ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു യുഡിഎഫുകാർ ഇറക്കിയ വ്യാജ വീഡിയോയെ ഇലക്ഷൻ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ?ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫി.തെരഞ്ഞെടുപ്പ് വരും പോകും.ജയിക്കും തോൽക്കും.പക്ഷെ ഒരു നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചാരണം നടത്തരുത്.ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങൾക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല.

മൂന്ന് തവണ എംഎൽഎ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു.

അമർ അക്ബർ അന്തോണി എന്ന സിനിമയിലെ "നല്ലവനായ ഉണ്ണി" യെപ്പോലെയാണ് ഷാഫി പറമ്പിൽ...

നിങ്ങൾ നടത്തിയ വർഗ്ഗീയ പ്രചാരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാൻ നിങ്ങൾക്കാകില്ല.വൻ ഭൂരിപക്ഷത്തിൽ ടീച്ചർ വിജയിക്കും.

click me!