
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക്ക് (Mask) നിർബന്ധമാക്കി ഉത്തരവിറങ്ങി. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴയീടാക്കും. ദുരന്തനിവാരണ ആക്റ്റും അനുബന്ധ നിയമങ്ങളും അനുസരിച്ച് കേസെടുക്കുമെന്നാണ് ഉത്തരവ്. കൊവിഡ് (Covid 19) കണക്കുകൾ കൂടുന്ന പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിർബന്ധമാക്കിയത്. കൊവിഡ് കണക്കുകൾ കുറഞ്ഞതോടെ ആശ്വാസത്തിലായിരുന്നു സംസ്ഥാനം. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാവുന്നതാണെന്ന കേന്ദ്ര നിർദേശം പാലിച്ച് നിയന്ത്രണങ്ങൾ കേരളവും പിൻവലിച്ചിരുന്നു. മാസ്കും സാമൂഹ്യ അകലവും പാലിക്കണമെന്ന ഉപദേശം മാത്രമാണുണ്ടായിരുന്നത്. കേസുകളെടുക്കുന്നതും പിഴയീടാക്കുന്നതും നിർത്തിവെച്ചിരുന്നു.
കൊവിഡ് കേസുകൾ നേരിയതോതിൽ കൂടുന്നതോടെയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കർശനമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിച്ചതും ദില്ലിയിലടക്കം കേസുകളുയരുന്നതും സർക്കാരിന്‍റെ പുനപരിശോധനയ്ക്ക് കാരണമായി. ദുരന്ത നിവാരണ വകുപ്പ് പ്രകാരമോ അനുബന്ധ വകുപ്പുകൾ പ്രകാരമോ കേസുകളെടുക്കാമെന്നാണ് ഉത്തരവ്. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് കേസുകളെടുത്ത് കൊണ്ടിരുന്നത്. 500 രൂപയായിരുന്നു പിഴ. ഇത് തുടർന്ന് ഈടാക്കും. പൊതുസ്ഥലങ്ങളിലും യാത്രകളിലും തൊഴിലിടങ്ങളിലും മാസ്ക് ധരിക്കണം. അതിനിടെ മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നലെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ 300 കടന്നു. 341 കൊവിഡ് കേസുകളാണ് ഇന്നലെയുണ്ടായത്. 255 ൽ നിന്നാണ് ഈ വർധനവ്.
അതേസമയം രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളച്ച യോഗം നടക്കുകയാണ്. ഓൺലൈനായാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ യോഗത്തിൽ കൊവിഡ് വർധന സംബന്ധിച്ച അവതരണം നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam