Published : Dec 12, 2024, 05:45 AM IST

Malayalam News Live: വയനാട് പുനരധിവാസം വീണ്ടും ഹൈക്കോടതിയിൽ; ഇന്ന് നിർണായക ദിനം

Summary

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ എത്ര നീക്കിയിരിപ്പ് തുകയുണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സംസ്ഥാനസർക്കാർ ഇന്ന് മറുപടി നൽകും. 2300കോടിയോളം രൂപയുടെ പ്രത്യേക പാക്കേജ് വയനാട് പുനരധിവാസത്തിനായി വേണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ അടിയന്തര പുനരധിവാസത്തിന് പണം ഉണ്ടെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനോട് നീക്കിയിരിപ്പ് തുക എത്രയുണ്ട്,എത്ര ചെലവഴിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടത്.

Malayalam News Live: വയനാട് പുനരധിവാസം വീണ്ടും ഹൈക്കോടതിയിൽ; ഇന്ന് നിർണായക ദിനം

08:48 AM (IST) Dec 12

ദില്ലിയിൽ കൊടുംതണുപ്പ്

ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4 ഡി​ഗ്രി സെൽഷ്യസ്. ഇന്നലെ ഇത് 4.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഏറ്റവും കുറഞ്ഞ താപനില. വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ വരുന്ന  ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശൈത്യ തരം​ഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

08:47 AM (IST) Dec 12

സമരവുമായി ആദിവാസി കുടുംബം

വീട് നിർമ്മാണത്തിന് വനം വകുപ്പ് എൻഒസി നൽകാതെ വന്നതോടെ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുന്നിൽ സമരവുമായി ആദിവാസി കുടുംബം. ഇടുക്കി കണ്ണംപടി വലിയമൂഴിക്കല്‍ രാജപ്പനും ഭാര്യ ലൈലാമ്മയും ആണ് സമരം നടത്തുന്നത്. ലൈഫ് മിഷനിൽ ലഭിച്ച വീട് നിർമ്മിക്കുന്നതിനാണ് വനംവകുപ്പ് തടസ്സം നിൽക്കുന്നു എന്ന് കുടുംബം. മറ്റൊരു സ്ഥലത്ത് വീട് നിർമ്മിക്കുന്നതിന്  കൈവശരേഖ നൽകിയിട്ടുണ്ട് എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

07:35 AM (IST) Dec 12

കുഴൽ കിണറിൽ വീണ കുട്ടി മരിച്ചു

രാജസ്ഥാനിലെ ധൗസയിൽ കുഴൽ കിണറിൽ വീണ കുട്ടി മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴൽ കിണറിൽ വീണത്. കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരൻ കുഴൽക്കിണറിൽ വീണത്. രണ്ടു ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിച്ചു.

06:55 AM (IST) Dec 12

കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ

9.5 കിലോ കഞ്ചാവുമായി 3 പേർ കാലടിയിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ശുമാർ മണ്ഡൽ, അബ്ദുൾ അസീസ്, പെരുമ്പാവൂർ പാനിപ്ര സ്വദേശി ഷംസുദീൻ എന്നിവരാണ് പിടിയിലായത്.  പെരുമ്പാവൂർ എഎസ്പിയുടെ സ്‌ക്വാഡും, കാലടി പോലീസും ചേർന് കാലടി ടൗണിൽ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഓട്ടോറിക്ഷയിലാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. കാലടി, പെരുമ്പാവൂർ ഭാഗങ്ങളിൽ വിൽപന്ന നടത്തുന്നതിനായാണ് കഞ്ചാവ് എത്തിച്ചത്. ഇതിന് മുൻപും പ്രതികൾ കഞ്ചാവ് കൊണ്ടുവന്നിട്ടുണ്ട്.

06:46 AM (IST) Dec 12

മുണ്ടിനീര് ജാഗ്രതാ നിർദ്ദേശം

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മുണ്ടിനീര് പടരുന്നതില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ വര്‍ഷം ഇതുവരെ 13,643 മുണ്ടിനീര് കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് മൂലം വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് ബാധിക്കുന്നത്. അസുഖ ബാധിതര്‍, പൂര്‍ണമായും മാറുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടുന്നത് പൂര്‍ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക എന്നിങ്ങനെയുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ നല്‍കിയിട്ടുള്ളത്. 

06:46 AM (IST) Dec 12

കണ്ണൂർ ജില്ലയിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്കും

കണ്ണൂർ തോട്ടട ഐടിഐ സംഘർഷത്തെ തുടർന്ന്  കെഎസ്‌യു ജില്ലയിൽ ഇന്ന് പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും പഠിപ്പു മുടക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കെഎസ്‌യു പ്രവർത്തകർക്ക് സംഘർഷത്തിൽ പരിക്കേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് റിബിൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ കെ എസ് യു കൊടി കെട്ടിയതിന് പിന്നാലെ എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പൊലീസ് ലാത്തി വീശിയാണ് സംഘർഷം നിയന്ത്രിച്ചത്. അക്രമത്തെ തുടർന്ന് ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ക്യാമ്പസിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാനായി ഇന്ന് എല്ലാ രാഷ്ട്രീയ സംഘടനകളെയും ഉൾപ്പെടുത്തി സർവ്വകക്ഷിയോഗം ചേരുമെന്ന് പോലീസ് അറിയിച്ചു.
 

06:22 AM (IST) Dec 12

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം

വിവരക്കേട് പറയുന്നവരെ വിരമിക്കൽ പ്രായം നോക്കാതെ പുറത്താക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ വിമർശനം. നേതാക്കൾ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു. സന്ദീപ് വാര്യരെ നല്ല സഖാവാക്കാൻ നോക്കിയെന്നും സന്ദീപ് കോൺഗ്രസിൽ ചേർന്നപ്പോൾ വർഗീയ പരസ്യം നൽകിയത് എന്തിനെന്നും ചോദ്യമുയർന്നു. സമ്മേളനം ഇന്ന് സമാപിക്കും.