
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ വില്‍പന സ്ഥാപനത്തെ മുട്ടുകുത്തിച്ച് മലയാളിയായ സാധാരണക്കാരൻ. വെളിച്ചെണ്ണയ്ക്ക് അമിത വില ഈടാക്കിയ ചങ്ങനാശേരിയിലെ റിലയന്‍സ് സ്മാര്‍ട് സൂപ്പര്‍മാര്‍ക്കറ്റിനെതിരെയായിരുന്നു പോരാട്ടം. ഒന്നര വര്‍ഷത്തോളം സ്വയം കേസ് വാദിച്ച വിനോജ് ആന്റണി ജയിച്ചു. റിലയൻസിൽ നിന്ന് പതിനായിരം രൂപ നഷ്ടപരിഹാരം ഈടാക്കി വിനോജിന് നൽകാൻ കോടതി ഉത്തരവിട്ടു.
ചങ്ങനാശേരി മാമ്മൂടുകാരന്‍ വിനോജ് ആന്‍റണിയും റിലയൻസ് സ്മാർട് കമ്പനിയും തമ്മിലെ നിയമ പോരാട്ടങ്ങളുടെ തുടക്കം 2021 സെപ്റ്റംബര്‍ 7നാണ്. ചങ്ങനാശേരി പാറേപ്പളളിക്കടുത്തുളള റിലയന്‍സ് സ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വിനോജ് ഒരു ലിറ്റർ വെളിച്ചെണ്ണ വാങ്ങിയിരുന്നു. കവറില്‍ 235 രൂപ എംആര്‍പി വില രേഖപ്പെടുത്തിയിരുന്ന വെളിച്ചെണ്ണയ്ക്ക് വിനോജില്‍ നിന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാർ ഈടാക്കിയത് 238 രൂപയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ ജീവനക്കാര്‍ വിനോജിനെ കടയില്‍ നിന്ന് ഇറക്കിവിടുകയാണ് ചെയ്തത്.
ഇത് സംബന്ധിച്ച് റിലയൻസ് സ്മാർടിന്റെ കസ്റ്റമര്‍ കെയറില്‍ പരാതി പറഞ്ഞപ്പോ എന്നാ താന്‍ കേസു കൊട് എന്ന ലൈനിലായിരുന്നു മറുപടി. കോട്ടയത്തെ ഉപഭോക്തൃ കോടതിയില്‍ വിനോജ് കേസിനു പോയി. ഒന്നര വര്‍ഷത്തോളം സ്വയം കേസ് വാദിച്ചു. മൂന്നു രൂപ അധിക വില ഈടാക്കിയതിനെതിരെ ശക്തിയുദ്ധം വാദിച്ചു. ഒടുവിൽ അനുകൂല വിധിയും നേടി. മൂന്ന് രൂപ അധികം ഈടാക്കുകയും അത് ചോദ്യം ചെയ്തതിന്റെ പേരിൽ ഉപഭോക്താവിനെ ഇറക്കിവിടുകയും ചെയ്ത പ്രശ്നത്തിൽ വിനോജിന് റിലയന്‍സ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവും കോടതിയില്‍ നിന്ന് വാങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam