'കേരള സാരിയും മുണ്ടും ജുബ്ബയും'; പിജി ഡോക്ടര്‍മാരുടെ ബിരുദദാന ചടങ്ങിന് 'കേരള മോഡല്‍'

By Web TeamFirst Published Oct 2, 2021, 9:29 PM IST
Highlights

ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടാണ് വേണ്ടത്. പെൺകുട്ടികൾക്ക്‌ കേരളസാരിക്കൊപ്പം ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസ് ധരിക്കാം. സാരിക്കും ബ്ലൗസിനും പല നിറങ്ങളിലുള്ള ബോർഡറുകളാവാം. 

തൃശ്ശൂര്‍: കറുത്ത ഗൌണും തൊപ്പിയും പുറത്ത്, പകരം തൂവെള്ള മുണ്ടും ജുബ്ബയും കേരള സാരിയുമായി മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ(PG Doctors) ബിരുദദാന ചടങ്ങ്(Convocation). ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ വേഷം മാറ്റി നിശ്ചയിച്ച് കേരള ആരോഗ്യ സർവകലാശാല (kerala university of health science. നേരത്തേ, കറത്ത ഗൗൺ, തൊപ്പി ആയിരുന്നു വേഷം, എന്നാലിനി മുതല്‍ ആൺകുട്ടികൾക്ക് മുണ്ടും ജുബ്ബയും. പെൺകുട്ടികൾ കേരളസാരിയും ബ്ലൗസുമാണ് പുതിയ വേഷം. 

ആൺകുട്ടികൾക്ക് വെള്ള, അല്ലെങ്കിൽ ഇളംമഞ്ഞ കലർന്ന വെള്ളഷർട്ടാണ് വേണ്ടത്. പെൺകുട്ടികൾക്ക്‌ കേരളസാരിക്കൊപ്പം ഇളംമഞ്ഞ കലർന്ന വെള്ള ബ്ലൗസ് ധരിക്കാം. സാരിക്കും ബ്ലൗസിനും പല നിറങ്ങളിലുള്ള ബോർഡറുകളാവാം. വേഷങ്ങൾ വിദ്യാർത്ഥികൾ തന്നെ വാങ്ങണം. മുണ്ടും ജുബ്ബയും, കേരള സാരിയും ധരിക്കുന്നതിനൊപ്പം ആൺകുട്ടികളും പെൺകുട്ടികളും 2.8 മീറ്റർ നീളമുള്ള കസവുവേഷ്ടിയും തോളിൽ ധരിക്കും. വേഷ്ടി സര്‍വ്വകലാശാല വാങ്ങി നല്‍കും. അഥ് ചടങ്ങിന് ശേഷം അവർക്കുതന്നെ എടുക്കാം.

ഒക്ടോബർ അഞ്ചിന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കുന്ന ബിരുദദാന ചടങ്ങിൽ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ്ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം. കേരള വേഷത്തിലായിരിക്കും ഗവര്‍ണര്‍ പുതിയ ഡോക്ടർമാരെ പ്രഖ്യാപിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് ചടങ്ങ്. റാങ്ക് ജേതാക്കൾ, അവാർഡ് അടക്കമുള്ള മികവുകൾ നേടിയവർ എന്നിങ്ങനെയുള്ള 50 കുട്ടികളെയാണ് ചടങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 

രാജ്യത്ത് ആദ്യമായാണ് ഒരു സർവകലാശാല ബിരുദദാന ചടങ്ങിന് തദ്ദേശീയ ശൈലി സ്വീകരിക്കുന്നത്.  അതേസമയം കൊളോണിയല്‍ രീതി മാറി കേരള മോഡലിലേക്കുള്ള വേഷവിധാനങ്ങളുടെ മാറ്റത്തിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്.  

click me!