നേമത്ത് ഗോളടിച്ച ഗോളി; മൈതാനത്തു നിന്ന് മന്ത്രിക്കസേരയിലേക്കെത്തുന്ന ശിവന്‍കുട്ടി

By Web TeamFirst Published May 18, 2021, 5:07 PM IST
Highlights

കോളേജ് പഠന കാലത്ത് ഫുട്‌ബോള്‍ മൈതാനത്ത് ഗോള്‍ കീപ്പറായിരുന്നു ശിവന്‍കുട്ടി. എതിരാളികളുടെ മിന്നല്‍ ഷോട്ടുകള്‍ തടുത്ത് ഗോള്‍വല കാത്ത കരുത്തന്‍. സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോഴും ഗോള്‍ബാറിന് കീഴിലെ ഏകാകിയെ പോലെ വി ശിവന്‍കുട്ടി തലയുയര്‍ത്തി നിന്നു.
 

തിരുവനന്തപുരം: ഗോള്‍വലക്ക് മുന്നില്‍ എതിരാളികളുടെ മിന്നല്‍ നീക്കങ്ങളെ അതിജീവിച്ച് ടീമിനെ രക്ഷിക്കുന്ന ഗോളിയായിരുന്നു ശിവന്‍കുട്ടി മൈതാനത്ത്. ഇത്തവണ രാഷ്ട്രീയ കളരിയിലാണ് എതിരാളികളെ തടയാനുള്ള നിയോഗം ശിവന്‍കുട്ടിക്ക് ലഭിച്ചത്. ഏല്‍പ്പിച്ച ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയാണ് അദ്ദേഹം രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവിയിലെത്തുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന നേമം മണ്ഡലത്തില്‍ മിന്നല്‍ ഫോര്‍വേഡുകളാകുമെന്ന് കരുതിയ എന്‍ഡിഎയുടെ കുമ്മനം രാജശേഖരന്‍, യുഡിഎഫിന്റെ കെ മുരളീധരന്‍ എന്നിവരെ തടുത്തിടുകയായിരുന്നു മൈതാനത്തെ പഴയ സൂപ്പര്‍ ഗോളി. ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിച്ച് പെര്‍ഫെക്ട് ഓക്കെയായതോടെ നേമത്തെ പൊടിപാറിയ പോരാട്ടത്തിലൂടെ ഹീറോ ഓഫ് ദ് മാച്ച് പുരസ്‌കാരം കൂടിയാണ് മന്ത്രിസ്ഥാനം. 

കോളേജ് പഠന കാലത്ത് ഫുട്‌ബോള്‍ മൈതാനത്ത് ഗോള്‍ കീപ്പറായിരുന്നു ശിവന്‍കുട്ടി. എതിരാളികളുടെ മിന്നല്‍ ഷോട്ടുകള്‍ തടുത്ത് ഗോള്‍വല കാത്ത കരുത്തന്‍. സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോഴും ഗോള്‍ബാറിന് കീഴിലെ ഏകാകിയെ പോലെ വി ശിവന്‍കുട്ടി തലയുയര്‍ത്തി നിന്നു. പാര്‍ട്ടിക്കാര്‍ക്ക് വി ശിവന്‍കുട്ടി അങ്ങനെ ശിവന്‍കുട്ടിയണ്ണനായി. നേമത്ത് കഴിഞ്ഞ തവണ വഴങ്ങിയ ഗോള്‍ ഉജ്ജ്വലമായി മടക്കി ബിജെപിയെ സംപൂജ്യരാക്കിയപ്പോഴേ ഉറപ്പിച്ചിരുന്നു പിണറായി 2.0ല്‍ വി ശിവന്‍കുട്ടി സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ടാകുമെന്ന്. 

നേമത്ത് പോളിംഗ് മത്സരത്തിന്റെ ആവേശം അവസാന മിനുറ്റിലേക്ക് നീണ്ട ത്രില്ലറിലാണ് വി ശിവന്‍കുട്ടി 3949 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. 2016ല്‍ ഒ രാജഗോപാലിലൂടെ തന്നെ വീഴ്ത്തി സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറന്ന ബിജെപിയുടെ പോസ്റ്റിലേക്ക് ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് തൊടുത്ത സിസര്‍കട്ട് പോലൊരു ഗോള്‍.

നേമത്ത് ബിജെപി 8671 വോട്ടിന്റെ ഭൂരിപക്ഷമാണ് 2016ല്‍ നേടിയത്. ഇക്കുറി മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി രംഗത്തിറക്കിയത് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയായിരുന്നു. കരുത്തനായ സ്ഥാനാര്‍ത്ഥിയിലൂടെ നേമത്ത് വിജയക്കൊടി പാറിക്കുമെന്ന് അവകാശപ്പെട്ട് കെ മുരളീധരനെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. ശക്തമായ ത്രികോണപോരാട്ടത്തിനൊടുവില്‍ ശിവന്‍കുട്ടി വിജയക്കൊടി പാറിച്ചതോടെ നേമം എല്‍ഡിഎഫിന്റെ അഭിമാന പോരാട്ടത്തിന്റെ വിജയമാവുകയായിരുന്നു. 

ജനങ്ങളാവശ്യപ്പെട്ടാല്‍ കാര്യം നടക്കാന്‍ ഏതറ്റം വരെയും എന്നതാണ് ശിവന്‍കുട്ടി ലൈന്‍. മുന്നില്‍ തടസം ഉദ്യോഗസ്ഥരായാലും നിയമത്തിന്റെ നൂലാമാലകളായാലും മുന്നിലിറങ്ങി മാറ്റുന്നതാണ് പതിവ്.  മുഖം നോക്കാതെ പരസ്യമായുള്ള ഇടപെടലിന്റെ ചൂടറിഞ്ഞവര്‍ നിരവധി. എസ്എഫ്‌ഐ മുതലുള്ള രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യം. സീതാറാം യെച്ചൂരി എസ്എഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറിയാരിരിക്കെ അതേ കമ്മിറ്റിയില്‍ അഖിലേന്ത്യാ ജോയിന്റെ സെക്രട്ടറിയായിരുന്നു ശിവന്‍കുട്ടി. 

സിഐടിയു സംസ്ഥാന സെക്രട്ടറിയായി തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തന പരിചയം. ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ തിരുവനന്തപുരം നഗരസഭാ മേയര്‍ വരെ വഹിച്ചത് നിരവധി പദവികള്‍. 2006ല്‍ തിരുവനന്തപുരം ഈസ്റ്റില്‍ നിന്നും ആദ്യം നിയമസഭയിലേക്ക്. പിന്നെ നേമത്ത് നിന്നും 2011ലും ജയം. നിയമസഭയിലെ കൈയാങ്കളിയുണ്ടാക്കിയ പ്രതിച്ഛായാ നഷ്ടവും തുടര്‍ന്ന് 2016ലെ തോല്‍വിയും ഉണ്ടാക്കിയ ക്ഷീണവുമെല്ലാം നേമത്തെ ത്രികോണപ്പോരില്‍ ജയിച്ചതോടെ പഴങ്കഥയാക്കി താരമായാണ് മന്ത്രിപദത്തിലേക്കുള്ള യാത്ര. നിയമസഭാംഗമായുള്ള മൂന്നാമൂഴത്തിലാണ്  വി ശിവന്‍കുട്ടിയുടെ മന്ത്രിസഭാ പ്രവേശനം.  നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ച വലിയ ക്രെഡിറ്റുമായാണ് ശിവന്‍കുട്ടി പിണറായി കാബിനറ്റിലേക്ക് വരുന്നത്.
 

click me!