
ഇടുക്കി: വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ 18 കോടിയുടെ കാര്‍ഷിക വികസനം നടപ്പിലാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പുതിയ പദ്ധതികള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്നാണ് കൃഷി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം.
വട്ടവടയിലെ കാര്‍ഷിക - വിപണന സമുച്ചയത്തിന്റെയും, പൂര്‍ത്തീകരിച്ച ജലസേചന പദ്ധതിയുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ വിവിധ കുടികളില്‍ കാര്‍ഷിക മേഖലക്കായി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. കൃഷിക്ക് പുറമെ തടയണ നിര്‍മ്മാണത്തിനായി മൂന്ന് കോടി രൂപയുടെ പദ്ധതികളും ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
വട്ടവടക്ക് 10 കോടിയും കാന്തല്ലൂരിന് എട്ട് കോടിയുമാണ് അനുവദിക്കുക. മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കായി അടുക്കള തോട്ടം നിര്‍മ്മിക്കാന്‍ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ശീതകാല പച്ചക്കറികള്‍ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനുമാണ് വട്ടവടയില്‍ കൃഷി വിപണന കേന്ദ്രം ആരംഭിച്ചത്. ശീതകാല പച്ചക്കറി വിപണന കേന്ദ്രം എന്ന നിലയിലും പരിശീലന കേന്ദ്രം എന്ന നിലയിലുമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍. 2.60 കോടിയാണ് പദ്ധതിക്കായി ചിലവഴിച്ചത്. ഇടനിലക്കാരില്ലാതെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനത്തിലേക്കും വിപണന കേന്ദ്രത്തെ മാറ്റാനാണ് ലക്ഷ്യം. ഇതിനായി കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കറിനെ മന്ത്രി ചുമതലപ്പെടുത്തി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉൽപ്പാദിപ്പിക്കുന്ന വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ നിന്ന് നാല്‍പ്പതിനായിരം ടണ്‍ പച്ചക്കറിയാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് വരും കാലങ്ങളില്‍ ഇരട്ടിയാക്കാന്‍ നടപടി സ്വീകരിക്കും. കര്‍ഷകരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതാകും സര്‍ക്കാര്‍ നയമെന്നും നിലവില്‍ ഹോര്‍ട്ടികോപ്പ് മുഖേന കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള കുടിശിക നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
ചടങ്ങില്‍ ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.രാമരാജ്, സംസ്ഥാന ഹോള്‍ട്ടി കള്‍ച്ചര്‍ മിഷന്‍ എംഡി ജെ ജസ്റ്റിന്‍ മോഹന്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആര്‍ ചന്ദ്രബാബു ,ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീപാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.