ദത്ത് വിവാദത്തിൽ അനുപമയുടെ തുടർനീക്കം: വീണാ ജോർജ്ജിനും സീതാറാം യെച്ചൂരിക്കും പരാതി

By Web TeamFirst Published Nov 26, 2021, 11:23 AM IST
Highlights

നിയമവിരുദ്ധമായ എഗ്രിമെന്‍റ് തയ്യാറാക്കിയ നോട്ടറിക്കെതിരെ നടപടി എടുക്കണം. അച്ഛനും അമ്മയും കയ്യില്‍ വെച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ മന്ത്രി വീണാ ജോര്‍ജിന് കുഞ്ഞിന്‍റെ അമ്മ അനുപമയുടെ പരാതി. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടിലെന്ന പേരില്‍ തനിക്കെതിരെ മോശം പരാമര്‍ശം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇതുവരെ ലഭ്യമായ  റിപ്പോര്‍ട്ടുകളും മൊഴിപ്പകര്‍പ്പുകളും ലഭ്യമാക്കണമെന്നാണ് അനുപമയുടെ ആവശ്യം. നിയമ സെക്രട്ടറിക്കും പരാതി നല്‍കും.

നിയമവിരുദ്ധമായ എഗ്രിമെന്‍റ് തയ്യാറാക്കിയ നോട്ടറിക്കെതിരെ നടപടി എടുക്കണം. അച്ഛനും അമ്മയും കയ്യില്‍ വെച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും രേഖകളും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്. ജില്ലാ വുമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കുക. പോലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കും പരാതി നല്‍കും. കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്നും അനുപമ ആരോപിക്കുന്നു.

ദത്ത് വിഷയത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും അനുപമ പരാതി നല്‍കിയിട്ടുണ്ട്. കേരളത്തിലെ പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് തന്‍റെ കുഞ്ഞിനെ നാട് കടത്തിയതെന്ന് പരാതിയില്‍ അനുപമ ആരോപിച്ചിരുന്നു. മന്ത്രി സജി ചെറിയാന്‍ അടക്കമുള്ള നേതാക്കള്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തി, കുഞ്ഞിനെ കടത്താന്‍ ഇടപെട്ട പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യെച്ചൂരിക്ക് കൊടുത്ത പരാതിയില്‍ ആവശ്യപ്പെടുന്നു.

കുഞ്ഞിനെക്കിട്ടിയതോടെ നിയമപരമായ നീക്കങ്ങളിലേക്കാണ് അനുപമ കടക്കുന്നത്. കുഞ്ഞിനെ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് കുറ്റക്കാർ ശിക്ഷിക്കപ്പെടുന്നത് വരെ പൊരുതാനാണ് തീരുമാനം. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നിൽ പന്തൽ കെട്ടിയുള്ള രാപ്പകൽ സമരം കഴിഞ്ഞ ദിവസം അനുപമ അവസാനിപ്പിച്ചിരുന്നു.
 

click me!