'ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം..', ജാഗ്രത പുലർത്തണമെന്ന് മന്ത്രി; 'ഏഴ് ജില്ലകളിൽ മഞ്ഞപ്പിത്തം '

Published : May 17, 2024, 07:25 PM IST
'ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം..', ജാഗ്രത പുലർത്തണമെന്ന് മന്ത്രി; 'ഏഴ് ജില്ലകളിൽ മഞ്ഞപ്പിത്തം '

Synopsis

ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും. മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്നും മന്ത്രിയുടെ നിര്‍ദേശം.

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'കിണറുകള്‍, കുടിവെള്ള സ്‌ത്രോതസുകള്‍ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും. ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കും. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും.' മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്നും ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.

'കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്‌ത്രോതസുകള്‍ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാല്‍ അവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ സെക്കന്ററി ഇന്‍ഫക്ഷന്‍ വരാതിരിക്കാന്‍ ആറാഴ്ച വിശ്രമിക്കണം. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിന്‍ സംഘടിപ്പിക്കണം. പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങള്‍ ചേര്‍ന്ന് ജാഗ്രതാ നിര്‍ദേശം നല്‍കി പ്രതിരോധം ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.' മഴക്കാലം വരുന്നതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.

'ജില്ലകളിലെ സാഹചര്യവും ചെയ്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ വിവരിച്ചു. എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ സ്ഥലങ്ങളിലും വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് കണ്ടെത്തിയത്.' രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്‌ത്രോതസുകളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കി.

'ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. കൊതുകുകളുടെ ഉറവിട നശീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും ഡ്രൈ ഡേ കൃത്യമായി ആചരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. 18, 19 തീയതികളില്‍ കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. മലിന ജലത്തിലോ മലിനജലം കലര്‍ന്ന മഴവെള്ളത്തിലോ ഇറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.' ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഗര്‍ഭിണികള്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ കോവിഡ് രോഗം ഗുരുതരമായി കാണുന്നതിനാല്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

'മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ