മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരെച്ചിൽ ഊർജിതമാക്കും. കൂടുതൽ ആർആർടി സംഘം ഇന്ന് വനത്തിൽ തെരച്ചിൽ നടത്തും. തെർമൽ ഡ്രോൺ ഉപയോഗിച്ചും തെരച്ചിൽ തുടരും.ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടൻ സ്ഥലത്തെത്തും.പ്രദേശത്തു കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയിൽ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും

07:49 AM (IST) Jan 25
വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരുക്ക്. വാളയാർ സ്വദേശി വിജയനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെയാണ് സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയൻ ഇവിടെയെത്തിയത്. എന്നാൽ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു. ആനയുടെ ആക്രമണത്തിന് പിന്നാലെ വിജയനെ നാട്ടുകാർ ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇദ്ദേഹത്തിൻ്റെ പരുക്ക് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
07:49 AM (IST) Jan 25
കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം വെച്ചുമാറാത്തത്തില്‍ സിപിഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു. സിപിഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മേയര്‍ സ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ മറുപടി.
07:48 AM (IST) Jan 25
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെന്‍റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയ ഷാഫിക്ക് ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു ഷാഫി
07:47 AM (IST) Jan 25
ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് അപകടം. 17കാരന് പരിക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരിക്കേറ്റത്. അലൻ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് വാതിൽ അടർന്നു വീണത്. തലയ്ക്ക് പരിക്കേറ്റ അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല
07:47 AM (IST) Jan 25
ഓടിക്കൊണ്ടിരുന്ന കാറിൻറെ ടയർ ഊരിത്തെറിച്ച് അപകടം. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ടയർ ഊരിപ്പോയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് നിന്നു. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരുക്കേറ്റു. തലയ്ക്കും കാലിനും പരുക്കേറ്റ ഇവരെ പാലക്കാട് വട്ടമ്പലത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ റോഡിൽ മുക്കണ്ണം ഭാഗത്ത് കഴിഞ്ഞ ദിവസവും അപകടമുണ്ടായിരുന്നു.