പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു 

By Web TeamFirst Published Mar 21, 2023, 11:58 AM IST
Highlights

ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ നടുത്തളത്തിൽ രാവിലെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. സമരരീതിയെ സ്പീക്കറും മന്ത്രിമാരും രൂക്ഷമായി വിമർശിച്ചു. 

തിരുവനന്തപുരം :  പ്രതിപക്ഷത്തിൻറെ കടുത്ത പ്രതിഷേധത്തിനൊടുവിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ 5 എംഎൽഎമാർ നടുത്തളത്തിൽ രാവിലെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങിയിരുന്നു. സമരരീതിയെ സ്പീക്കറും മന്ത്രിമാരും രൂക്ഷമായി വിമർശിച്ചു. 

ഏഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കേസ് പിൻവലിക്കണം, അടിയന്തിര പ്രമേയനോട്ടീസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളിൽ ഒട്ടും വീഴ്ചയില്ലെന്നുറപ്പിച്ചാണ് ഇന്ന് പ്രതിപക്ഷം സഭയിലെത്തിയത്. അനുരജ്ഞന ചർച്ചക്ക് തയ്യാറാകാതെ ഭരണപക്ഷം നിലപാടെടുത്തതോടെ സഭയിൽ പ്രതിപക്ഷം സത്യഗ്രഹം ആരംഭിച്ചു. ഇതോടെയാണ് 30 ന് വരെ നിശ്ചയിച്ച പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നേരത്തെ പിരിഞ്ഞത്. അഞ്ച് എംഎൽഎമാർ നടുത്തളത്തിൽ സത്യാഗ്രഹം തുടങ്ങിയെങ്കിലും ചോദ്യോത്തരവേള തുടർന്നു. 

കടുപ്പിച്ച് പ്രതിപക്ഷം, നിയമസഭയിൽ 5 എംഎൽഎമാരുടെ അനിശ്ചിതകാല സത്യഗ്രഹം

ചോദ്യോത്തരവേള തുടർന്നപ്പോൾ അടിയന്തിരപ്രമേയ  നോട്ടീസ് പരിഗണിക്കുമോ എന്നായിരുന്നു അടുത്ത ആകാംക്ഷ. കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ അറ്റൻഡർ പീഡിപ്പിച്ച സംഭവത്തിലായിരുന്നു ഇന്നത്തെ നോട്ടീസ്. സഭ തീരാൻ 5 മിനുട്ട് ശേഷിക്കെ ചോദ്യോത്തരവേള റദ്ദാക്കി. ഇന്നും അടിയന്തിരപ്രമേയ നോട്ടീസ് ഒഴിവാക്കി. സഭ തുടരണമെന്ന കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്ത് സമ്മേളനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  ധനവിനിയോഗബില്ലുകളടക്കം അതിവേഗം പാസാക്കി നിയമസഭ വേഗത്തിൽ പിരിഞ്ഞു.

 

 

click me!