ഷാഫി പറമ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ചു, രേഖകളിൽ നിന്ന് നീക്കും; സഭയിൽ സ്പീക്കറുടെ റൂളിങ്

By Web TeamFirst Published Mar 20, 2023, 11:54 AM IST
Highlights

പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്

തിരുവനന്തപുരം : ഷാഫി പറമ്പിൽ എംഎൽഎ അടുത്ത തവണ തോൽക്കുമെന്ന പരാമർശം സ്പീക്കർ പിൻവലിച്ചു. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി. 

സ്പീക്കറുടെ റൂളിംഗ് 

ഈ മാസം 14,15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പികളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ നോട്ടീസിൽ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിച്ചിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തത്.

എന്നാല്‍ നടപടി ചട്ടപ്രകാരം സഭസമ്മേളനത്തിലായിരിക്കുമ്പോള്‍ സമാന്തര സമ്മേളനം എന്ന പേരില്‍ ഒരു നീക്കം നടത്തുകയും അതിന്റെ ദൃശ്യങ്ങള്‍ മൊബൈലിലൂടെ പകര്‍ത്തി ചാനലുകള്‍ക്ക് ലഭ്യമാക്കുകയും ചെയ്ത നടപടികളില്‍ വളരെ സീനിയറായ അംഗങ്ങള്‍ വരെ പങ്കെടുത്തു എന്നത് ചെയറിനെ അത്ഭതപ്പെടുത്തുകയുണ്ടായി. അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സഭാ പൈതൃകത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന കാര്യം ബഹുമാനപ്പെട്ട അംഗങ്ങള്‍ സ്വയം ചിന്തിക്കുമെന്നാണ് ചെയര്‍ കരുതുന്നത്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. 

പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാര്‍ഡുകളും ബാനറുകളും സഭയില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി കൂടിക്കൂടി വരുന്നതിലും ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലും ചെയറിനുള്ള കടുത്ത വിയോജിപ്പുകൂടി അറിയിക്കുന്നു. ഒരംഗം സംസാരിക്കുമ്പോള്‍ നിരന്തരം തടസ്സപ്പെടുത്തുക, അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുക, ചെയറിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് ഇരുവിഭാഗങ്ങളും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുക എന്നിങ്ങനെയുള്ള അനഭിലഷണീയമായ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുവാന്‍ എല്ലാ അംഗങ്ങളും തയ്യാറാകണമെന്ന് ചെയര്‍ അഭ്യര്‍ത്ഥിക്കുകയാണ്.

നിയമസഭാ നടപടികളുടെ തത്സമയ സംപ്രേക്ഷണം 'സഭാ ടി.വി.' വഴി നടത്തുന്നതില്‍ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്ന അപാകത സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതി ചെയര്‍ പരിശോധിക്കുകയുണ്ടായി. അതുപോലെ പ്രതിപക്ഷ പ്രതിഷേധം നടക്കുന്ന സന്ദര്‍ഭങ്ങളിലെ സഭാ നടപടികളുടെ സംപ്രേക്ഷണത്തില്‍ പ്രതിഷേധത്തിന്റെ വിഷ്വല്‍സ് കൂടി ഉള്‍പ്പെടുത്തുന്ന പാര്‍ലമെന്റിലെ മാതൃക ഇവിടേയും സ്വീകരിക്കണമെന്ന നിര്‍ദ്ദേശം വിശദമായി പരിശോധിച്ച് ഉടന്‍ തന്നെ അതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നതാണ്.


 

 

click me!