
തിരുവനന്തപുരം : നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനില്‍.
2024-25 സംഭരണ വർഷത്തില്‍ 2,07143 കർഷരില്‍ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1645 കോടി രൂപയില്‍ 1399 കോടി രൂപയും നല്‍കിയിട്ടുണ്ട്. 10,568 കർഷകർക്കായി 246 കോടി രൂപയാണ് നല്‍കാന്‍ ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നല്‍കുന്ന പ്രോത്സാഹന ബോണസ് ഇനത്തില്‍ വകയിരുത്തിയ തുകയില്‍ നിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എംഎസ്പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ നാല് ദിവസമായി ഡല്‍ഹിയില്‍ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നേരില്‍കണ്ട് നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ MSPഇനത്തിലുള്ള ക്ലയിം അംഗീകരിച്ചിട്ടുണ്ട്. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കുവാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.