
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക. 941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും. ഇന്നലെയായിരുന്നു കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് നഗരസഭകളിൽ മേയറും ഡെപ്യൂട്ടി മേയറും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വർണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിൻറെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല. സർക്കാർ നിലപാടുകൾക്കെതിരെയും പാർട്ടിയുടെ നയ സമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.
തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് 22 ചോദ്യങ്ങൾ താഴെ തട്ടിലേക്ക് പാർട്ടി നേതൃത്വം നൽകിയിരുന്നെങ്കിലും അതിലും ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉൾപ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിൽ എത്തിയതിന് കാരണം സംഘടനാ വീഴ്ചയാണ് എന്നതടക്കമുള്ള പൊതു വിലയിരുത്തലുകൾ നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏത് തരത്തിലുള്ള തെറ്റ് തിരുത്തലിലേക്കാണ് സിപിഎം നീങ്ങുക എന്നും പാർട്ടി പ്രഖ്യാപിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam