Doctors Strike : പിജി ഡോക്ടർമാരുടെ സമരത്തിൽ ഭിന്നത, സമരം തുടരാൻ ഒരു വിഭാഗം

By Web TeamFirst Published Dec 8, 2021, 8:52 AM IST
Highlights

ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നലെ നടത്തിയ ചർച്ചയിൽ തന്നത് വാക്കാലുള്ള ഉറപ്പുകൾ മാത്രമാണെന്നും, അത് പോരാ, രേഖാമൂലം ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നുമാണ് പിജി ഡോക്ടർമാരിൽ ഒരു വിഭാഗം വ്യക്തമാക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്ടർമാരുടെ സമരം (Kerala PG Doctor's Strike) പിൻവലിച്ചിട്ടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയതോടെ, സംഘടനയിൽ ഭിന്നത രൂക്ഷം. ഒപി അടക്കമുള്ള സ‍ർവീസുകളിൽ നിന്ന് ഇന്നും വിട്ടുനിൽക്കുമെന്ന് ഒരു വിഭാഗം പിജി ഡോക്ടർമാർ അറിയിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് (Health Minister Veena George) ഇന്നലെ നടത്തിയ ചർച്ചയിൽ തന്നത് വാക്കാലുള്ള ഉറപ്പുകൾ മാത്രമാണെന്നും, അത് പോരാ, രേഖാമൂലം ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നുമാണ് ഒരു വിഭാഗം പിജി ഡോക്ടർമാർ (Kerala Medical PG Association) പറയുന്നത്. എന്നാൽ രണ്ട് ദിവസത്തിനകം സർക്കാർ ഉത്തരവിറക്കിയാൽ മാത്രം തുടർസമരം മതിയെന്ന നിലപാടിലാണ് മറ്റൊരു വിഭാഗം. അതേസമയം, എമർജൻസി ഡ്യൂട്ടി ബഹിഷ്കരണം ഉണ്ടാകില്ലെന്ന് ഇരുവിഭാഗവും നിലപാടെടുക്കുന്നു. 

അതേസമയം, നിലവിൽ കേരളാ മെഡിക്കൽ പിജി അസോസിയേഷനിലെ സംസ്ഥാനകമ്മിറ്റിയിൽ ഉള്ളവരെ മാറ്റി കമ്മിറ്റി അപ്പാടെ പുനഃസംഘടിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്‍റെ മുന്നോടിയായി തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിറ്റിലെ പ്രസിഡന്‍റിനെ മാറ്റിയതായും തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ പിജി അസോസിയേഷനിലെ ഭിന്നത മറനീക്കി പുറത്തുവരികയാണ്. 

നാല് മാസം മുമ്പ് ടോക്കൺ സമരം നടത്തിയപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ പല വാഗ്ദാനങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല. ഇന്നലെ നടത്തിയ അനുനയ ചർച്ചയിലടക്കം ജൂനിയർ ഡോക്ടർമാരുടെ കുറവ് നികത്തുന്നത് ഉൾപ്പടെ മറ്റ് ആവശ്യങ്ങൾ എല്ലാം പരിഗണിക്കാമെന്ന് വാക്കാൽ ഉറപ്പ് മാത്രമാണ് ആരോഗ്യമന്ത്രിയിൽ നിന്ന് ലഭിച്ചത്. വാക്കാൽ ലഭിച്ച ഉറപ്പിൻമേൽ മാത്രം സമരം പിൻവലിക്കേണ്ടെന്നാണ് ഒരു വിഭാഗം പിജി ഡോക്ടർമാർ തീരുമാനിക്കുന്നത്. രേഖാമൂലം ഉറപ്പ് നൽകാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അവർ വ്യക്തമാക്കുന്നു. 

പിജി ഡോക്ടർമാരുടെ കുറവ് നികത്താൻ നോൺ - അക്കാദമിക് ജൂനിയർ റെസിഡന്‍റ് ഡോക്ടർമാരെ 2 ദിവസത്തിനുള്ളിൽ നിയമിക്കുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയത്. എന്നാൽ ഇങ്ങനെ നേരത്തേയും വാക്കാൽ ഉറപ്പ് നൽകിയ കാര്യങ്ങൾ ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്ന് സംഘടനയിലെ ഒരു വിഭാഗം പറയുന്നു.

നീറ്റ് പിജി പ്രവേശനം സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് അനിശ്ചിതമായി നീളുകയാണ്. ഇതോടെ, ഡോക്ടർമാരുടെ കുറവും അമിതജോലിഭാരവും പിജി ഡോക്ടർമാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഇതിനെതിരെ ഒപി അടക്കം ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങിയതോടെയാണ്, താൽക്കാലിക പ്രശ്ന പരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കുന്നത്. 

ആരോഗ്യവകുപ്പിൽ സമരപരമ്പര

കെജിഎംഒഎയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാ‍ർ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങാനിരിക്കുകയാണ്. റിസ്ക് അലവൻസ് നൽകാത്തതിലും, ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിലുമാണ് പ്രതിഷേധം. ചികിത്സകളെ ബാധിക്കാത്ത തരത്തിലാകും നിൽപ്പ് സമരം.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഉള്ള ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും.

ശമ്പള വർധനവിലെ അപാകതകൾക്ക് എതിരെ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും സമരത്തിലാണ്. 

വരാന്ത നിറഞ്ഞുകവിഞ്ഞ് രോഗികൾ

കോഴിക്കോട് മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ സമരം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം. എമർജൻസി, കാഷ്വാലിറ്റി ഒഴികെ എല്ലാ വിഭാഗങ്ങളും ബഹിഷ്കരിക്കും. വാർഡ്, ഒപി, ഓപ്പറേഷൻ തീയറ്റർ ബഹിഷ്കരണവും തുടരും. 

ഇതോടെ, കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം വാർഡിൽ മാത്രമല്ല വരാന്തയും നിറഞ്ഞ് കവിഞ്ഞ് രോഗികൾ കിടക്കുകയാണെന്ന് വിവിധ ബ്യൂറോകൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി മുതിർന്ന ഡോക്ടർമാർ രോഗികളെ പരിശോധിച്ച് കഴിഞ്ഞാൽ തുടർന്നുള്ള കാര്യങ്ങൾ ചെയ്തിരുന്നത് പിജി ഡോക്ടർമാരാണ്. വാർഡിൽ മുഴുവൻ സമയവും ഇവരുടെ സേവനം ലഭിച്ചിരുന്നെങ്കിലും, സമരം തുടങ്ങിയതോടെ ഇപ്പോൾ ഹൗസ് സർജൻമാർ മാത്രമേയുള്ളൂ. 

പല മെഡിസിൻ വാർഡുകളിലും രോഗികൾ വാർഡും കഴിഞ്ഞ്, വരാന്തയും കഴിഞ്ഞ്, പ്രധാനവരാന്തയിലാണ് കിടക്കുന്നത്. കിടക്കാൻ പോലും വഴിയില്ലാത്ത വിധം രോഗികളുടെ എണ്ണം കൂടിക്കൂടി വരികയുമാണ്. 

click me!