ഓമശ്ശേരി ജ്വല്ലറിയിലെ തോക്കുചൂണ്ടി കവര്‍ച്ച; ബംഗാളില്‍ നിന്നും പ്രതിയെ കേരള പൊലീസ് സാഹസികമായി പിടികൂടി

By Web TeamFirst Published Aug 3, 2019, 12:11 AM IST
Highlights

ബംഗ്ലാദേശ് അതിര്‍ത്തിയായ ബെഷിര്‍ഹട്ടയില്‍ നിന്നാണ് കൊടുവള്ളി എസ് ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്

കോഴിക്കോട്: ഓമശ്ശേരിയില്‍ തോക്കു ചൂണ്ടി ജ്വല്ലറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ നിന്നും പ്രതി പിടിയിലായി. കവര്‍ച്ചക്ക് ശേഷം നാടുവിട്ട ബംഗാള്‍ സ്വദേശി ആലങ്കീര്‍ റഹ്മാന്‍ മണ്ഡല്‍ ആണ് പിടിയിലായത്. ഇയാളെ കൊടുവള്ളിയില്‍ എത്തിച്ചു. കഴിഞ്ഞ മാസം 13 ന് ഓമശ്ശേരി ഷാദി ഗോള്‍ഡില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടാമത്തെ പ്രതിയെയാണ് കൊടുവള്ളി പൊലീസ് പിടികൂടിയത്.

ബംഗ്ലാദേശ് അതിര്‍ത്തിയായ ബെഷിര്‍ഹട്ടയില്‍ നിന്നാണ് കൊടുവള്ളി എസ് ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ജ്വല്ലറിയിലെത്തി തോക്കു ചൂണ്ടിയ ബംഗ്ലാദേശ് സ്വദേശി നഈം ആലം ഖാനെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം 20 ന് ആറംഗ പൊലീസ് സംഘം പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടത്.

ബംഗ്ലാദേശിന്‍റെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒളി സങ്കേതത്തില്‍ നിന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മൂന്നാമത്തെ പ്രതി പൊലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെട്ടു. ആലങ്കീറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

click me!