Latest Videos

മാധ്യമപ്രവർത്തകർക്ക് എതിരെ കള്ളക്കേസ്: ഉരുണ്ട് കളിച്ച് പൊലീസ്, പ്രതിഷേധം ശക്തം

By Web TeamFirst Published Feb 2, 2020, 12:29 PM IST
Highlights

കേരള പൊലീസ്, ഉത്തർപ്രദേശിലെ യോഗി പൊലീസിനെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: ടിപി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ് ചുമത്തിയ പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ പ്രതികരിക്കാതെ ഉരുണ്ടുകളിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. പൊലീസിനും മുൻ ഡിജിപിയും പരാതിക്കാരനുമായ സെൻകുമാറിനുമെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

സംഭവത്തിൽ പ്രതികരിക്കാതെ ഉന്നത പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഒഴിഞ്ഞുമാറി. കേസിന്റെ തുടർനടപടികൾക്ക് സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയെന്ന് ബെഹ്റ പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് കോടതിക്ക് നൽകുമെന്നായിരുന്നു സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായയുടെ പ്രതികരണം.

തനിക്കും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പിജി സുരേഷ്കുമാറിനുമെതിരെ ടിപി സെൻകുമാറിൻറെ പരാതിയിൽ പൊലീസ് എടുത്തത് കള്ളക്കേസാണെന്ന് കലാപ്രേമി ബ്യൂറോ ചീഫ് കടവിൽ റഷീദ്. ഇപ്പോഴും സെൻകുമാർ സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയാണെന്നും റഷീദ് പറഞ്ഞു.

കേരള പൊലീസ്, ഉത്തർപ്രദേശിലെ യോഗി പൊലീസിനെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. മുഖ്യമന്ത്രി ഇടപെട്ട് കേസ് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൊലീസ് കണ്ണടച്ച് നടപടിയെടുക്കരുതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ ആവശ്യപ്പെട്ടു. പൊലീസ് നടപടി തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം, നടപടികൾ പുന:പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. 

കേസിൽ നിന്നും സെൻകുമാർ പിന്മാറണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെയുമാണ് പൊലീസ് കള്ളക്കേസ് എടുത്തത്.  ഇത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ടി ആസിഫ് അലി കുറ്റപ്പെടുത്തി. കേരളത്തിലെ പൊലീസ് ഉത്തർപ്രദേശിലെ യോഗിയുടെ പൊലീസിനോട് മത്സരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

കേസിൽ പ്രതിസ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാർ ചെയ്ത തെറ്റെന്താണെന്ന് ആസിഫ് അലി ചോദിച്ചു. ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയ, സാമാന്യ ബുദ്ധിയുള്ള പൊലീസുകാരൻ, വലിച്ചു കീറിക്കളയുന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിൽ നടന്നതെന്താണെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് വിവാദമാകുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവിൽ റഷീദ് പരാതി നൽകിയ ശേഷം  നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ  കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തു.  

പിന്നാലെ എതിർപരാതിയുമായി സെൻകുമാറും  രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്റെ വാട്സ് അപ് ഗ്രൂപ്പിൽ പി ജി സുരേഷ്‍ കുമാർ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെൻകുമാറിന്‍റെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ  പി ജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്.  

click me!