
തിരുവനന്തപുരം: പൊലീസിലെ വെടിയുണ്ട കാണാതായ സംഭവത്തിൽ അറസ്റ്റിലായ എസ് ഐ റെജി ബാലചന്ദ്രൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. അന്വേഷണവുമായി സഹകരിച്ചുവെന്നും സാക്ഷികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു. റെജിയുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി. ഈ മാസം 20 ന് കോടതി ഹർജി പരിഗണിക്കും.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ സിഎജിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വെടിയുണ്ട കാണാതായ സംഭവം അതീവ ഗൗരവതരമാണെന്നും സിഎജി റിപ്പോർട്ടിലെ വിവരങ്ങൾ കേന്ദ്ര സർക്കാറിനെയും സിഎജി അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. വെടിയുണ്ടകൾ കാണാതായതിനെ കുറിച്ച് സിഎജി ആഭ്യന്തര മാത്രാലയത്തിന് റിപ്പോര്‍ട്ട് നൽകിയതായി വ്യക്തമായ സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ഭരണഘടനാ പ്രകാരം സംസ്ഥാന നിയമസഭയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറേണ്ടത് എന്നിരിക്കെ, ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതെന്ന് കോടതി ചോദിച്ചു. നിയമസഭയുടെ പ്രത്യേക പരിഗണനയിൽ ഉള്ള വിഷയമായതിനാൽ കോടതിക്ക് പോലും ഇടപെടാൻ കഴിയില്ലെന്നായിരുന്നു സർക്കാർ വാദം.
ഇക്കാര്യത്തിലുള്ള സുപ്രീം കോടതി വിധികളും കോടതിയിൽ ഹാജരാക്കി. സിഎജി, അധികാരങ്ങൾ മറികടക്കാൻ ശ്രമിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊതു താൽപ്പര്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam