വെടിയുണ്ട കാണാതായ സംഭവം: അന്വേഷണം കൂടുതൽ പൊലീസുകാരിലേക്ക്, 11 പേരുടെ മൊഴി രേഖപ്പെടുത്തി

Published : Feb 21, 2020, 06:38 AM ISTUpdated : Feb 21, 2020, 09:41 AM IST
വെടിയുണ്ട കാണാതായ സംഭവം: അന്വേഷണം കൂടുതൽ പൊലീസുകാരിലേക്ക്, 11 പേരുടെ മൊഴി രേഖപ്പെടുത്തി

Synopsis

ക്യാമ്പിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടേയും കെയ്സുകളുടേയും കണക്ക് ആവശ്യപ്പെട്ട് ചീഫ് പൊലീസ് സ്റ്റോറിന് ക്രൈംബ്രാഞ്ച് കത്ത് നൽകി.

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം കൂടുതൽ പൊലീസുകാരിലേക്ക്. പ്രതിപ്പട്ടികയിലുള്ള 11 പൊലീസുകാരുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

വെടിയുണ്ട കാണാതായതായി സിഎജി കണ്ടെത്തിയ കാലഘട്ടത്തിൽ ആയുധപ്പുരയുടെ ചുമതലക്കാരായിരുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ വരും ദിവസങ്ങളിൽ തുടരും. ക്യാമ്പിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടേയും കെയ്സുകളുടേയും കണക്ക് ആവശ്യപ്പെട്ട് ചീഫ് പൊലീസ് സ്റ്റോറിന് ക്രൈംബ്രാഞ്ച് കത്ത് നൽകി.

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍, തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകൾ തള്ളി ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തോക്കുകളും തിരകളും കാണാതായിയിട്ടില്ല. 94 മുതൽ തോക്കുകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ച്ചയുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ്, സുരക്ഷാ പ്രശ്നം ഉണ്ടെന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്. ഫണ്ട് വകമാറ്റിയതിനെ സർക്കാർ അംഗീകരിച്ചിട്ടുണ്ട്‌. ഉപകരങ്ങൾ വാങ്ങിയത് സർക്കാർ സ്ഥാപനമായ കെൽട്രോൺ വഴി. പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു.

കെൽട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാൽ കെൽട്രോണിനെ കുറ്റപ്പെടുന്നത് നീതിപൂർവ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോർട്ടിൽ വിമർശിച്ചു. ഇത്തരം വിമർശനം സിഎജി നടത്തുന്നത് പതിവില്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിറ്റിങ് എംഎൽഎമാർ കളത്തിലിറങ്ങുമോ? രാഹുലിനെ കൈവിടും, കെപിസിസി തെരഞ്ഞെടുപ്പ് സമിതി ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള: ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുരാരി ബാബുവിന് ഇഡി സമൻസ് നൽകിയേക്കും