അർജുൻ ആയങ്കിയുടെ കാർ എവിടെ? സിസിടിവി പരിശോധിച്ചിട്ടും തുമ്പില്ല; ഇരുട്ടിൽ തപ്പി പൊലീസ്

By Web TeamFirst Published Jun 25, 2021, 6:29 AM IST
Highlights

തന്റെ അനുവാദം ഇല്ലാതെയാണ് അർജ്ജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാർ കൊണ്ടുപോയത് എന്ന് കാട്ടി ആർസി ഉടമയായ സജേഷ് പൊലീസിൽ പരാതി നൽകി

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തലവൻ കണ്ണൂരിലെ അർജുൻ ആയങ്കി കരിപ്പൂരേക്ക് പോകാൻ ഉപയോഗിച്ച സ്വിഫ്റ്റ് കാ‍ർ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല. കരിപ്പൂരിൽ നിന്നും അഴീക്കോട് എത്തിച്ച് ഉരു നി‍ർമ്മാണ ശാലയ്ക്കടുത്ത് ഒളിപ്പിച്ച കാർ, പൊലീസ് എത്തും മുൻപേ അർജ്ജുന്റെ കൂട്ടാളികൾ മാറ്റിയിരുന്നു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. തന്റെ അനുവാദം ഇല്ലാതെയാണ് അർജ്ജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന് കാർ കൊണ്ടുപോയത് എന്ന് കാട്ടി ആർസി ഉടമയായ സജേഷ് പൊലീസിൽ പരാതി നൽകി. ഇതിനിടെ അന്വേഷണവുമായി സഹകരിക്കുമെന്നറിയിച്ച് അർജ്ജുൻ ആയങ്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സിപിഎം തീരുമാനിച്ചു. പാർട്ടിയെ മറയാക്കി അർജുൻ ക്വട്ടേഷൻ നടത്തുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താൻ സിപിഎം തീരുമാനിച്ചു. ശുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി.

അതിനിടെ ഡിവൈഎഫ്ഐയുടെ മെമ്പർഷിപ്പിൽ നിന്നും പുറത്തുവന്ന ആളാണ് താനെന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ലെന്നും അർജുൻ ഇന്നലെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് വഴി പറഞ്ഞു. ഇഷ്ടപ്പെടുന്ന പ്രസ്ഥാനത്തിന്റെ ആശയ പ്രചാരണം വ്യക്തിപരമായി നടത്തുന്നതാണെന്നും അർജുന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.  രാമനാട്ടുകര അപകടത്തിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്നു അർജ്ജുൻ. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!