കേരള പൊലീസിൽ പുതിയ പരിഷ്‌കാരം; പരാതിക്കാർക്ക് ഇനി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിളി വരും

By Web TeamFirst Published Feb 9, 2020, 4:28 PM IST
Highlights

ഇനി മുതൽ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെല്ലുന്നവരെ ഉന്നത പൊലീസുദ്യോഗസ്ഥർ ഫോണിൽ വിളിച്ച് അവരുടെ അനുഭവം ചോദിച്ചറിയും. പൊലീസ് വകുപ്പിൽ മികച്ച സേവനം ഉറപ്പാക്കാനാണ് പുതിയ പരിഷ്കാരം

തിരുവനന്തപുരം: തുടർച്ചയായി സംസ്ഥാന പൊലീസിനെതിരെ ഉയർന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ മുഖം മാറ്റാനൊരുങ്ങി കേരള പൊലീസ്. ഇനി മുതൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയവരുടെ പ്രതികരണം തേടി മുതിർന്ന ഉദ്യോഗസ്ഥർ പരാതിക്കാരെ നേരിട്ട് വിളിക്കും. പരാതി നൽകാൻ എത്തിയ ആൾക്ക് പോലീസ് സ്റ്റേഷനിൽ വച്ചുണ്ടായ അനുഭവം എന്താണെന്നും പരാതിയിന്മേൽ സ്വീകരിച്ച നടപടിയിൽ തൃപ്തനാണോ എന്നും ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് അറിയിക്കാനുള്ള അവസരമാണിത്.

ജില്ലാ പോലീസ് മേധാവിമാരാണ് പരാതിക്കാരെ വിളിക്കുക. തന്റെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയ പത്തു പേരെ എല്ലാ ദിവസവും വൈകിട്ട് ജില്ലാ പൊലീസ് മേധാവി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് ഈ വിവരങ്ങൾ അന്വേഷിക്കും. റേഞ്ച് ഡി ഐ ജിമാരും മേഖലാ ഐ ജിമാരും തങ്ങളുടെ അധികാര പരിധിയിൽ നിന്ന് 10 പരാതിക്കാരെ തിരഞ്ഞെടുത്ത് ഫോണിൽ സംസാരിക്കും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും സംസ്ഥാന പോലീസ് മേധാവിയും കേരളത്തിലെ വിവിധ ജില്ലകളിലുള്ള 10 പരാതിക്കാരെ ദിവസവും വൈകിട്ട് ഫോണിൽ വിളിച്ച് അവർക്ക് പറയാനുള്ളത് കേൾക്കും. ഇതിനായി പരാതിക്കാർ പരാതിയോടൊപ്പം ഫോൺ നമ്പർ കൂടി നൽകിയാൽ മതിയാകും. പോലീസ് സ്റ്റേഷനുകൾ സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ സംവിധാനം നിലവിൽവരും.

രജിസ്റ്റർ ചെയ്യുന്ന കേസുകൾ കൂടാതെ വിവിധ തരത്തിലുള്ള ആയിരക്കണക്കിന് പരാതികളാണ് ദിവസവും പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റത്തിൽ ചെയ്യുന്നത് പോലെ ഇത്തരം പരാതികളും ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. അതോടെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പരാതികൾ രജിസ്റ്റർ ചെയ്താലുടൻ അതിന്റെ വിശദ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. ഈ സാഹചര്യത്തിലാണ് പരാതിക്കാരന് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പരാതിയിൽ സ്വീകരിച്ച നടപടിയെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. പരാതിക്കാരുടെ പ്രതികരണം വിലയിരുത്തി പോലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിലും പരാതികൾ കൈപ്പറ്റിയ ശേഷം സ്വീകരിക്കേണ്ട നടപടിക്രമങ്ങളിലും ആവശ്യമായ മാറ്റം വരുത്തുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.    

click me!