
പത്തനംതിട്ട: കാശ്മീരിനെക്കുറിച്ചുള്ള വിവാദ പരാമർശത്തില്‍ കെ ടി ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു. പരാതിക്കാരന് പൊലീസ് നോട്ടീസ് അയച്ചു. ആക്ഷേപം ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദ്ദേശം. കലാപാഹ്വാനത്തിനുളള വകുപ്പ് ചുമത്തിയ കേസിലാണ് പൊലീസിന്റെ പിന്മാറ്റം. തിരുവല്ല കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കീഴ്വായ്പൂര്‍ പൊലീസ് കെ ടി ജലീലിനെതിരെ കേസെടുത്തത്. ആർ എസ് എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനായിരുന്നു പരാതിക്കാരന്‍.
' പാക്കധീന കശ്മീരെ' ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ 'ആസാദ് കശ്മീരെ' ന്നാണ് വിശേഷിപ്പിച്ച ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായത്. ഇത് പൊതുവെ പാകിസ്ഥാനും അനുകൂലികളും നടത്തുന്ന പ്രയോഗമാണ്. വിഭജനകാലത്ത് കശ്മീർ രണ്ടായി വിഭജിച്ചിരുന്നു എന്നായിരുന്നു ജലീലിന്‍റെ മറ്റൊരു പരാമർശം. എന്നാൽ 'പഷ്തൂണു' കളെ ഉപയോഗിച്ച് കശ്മീർ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഒരു ഭാഗം പാകിസ്ഥാൻ പിടിച്ചെടുക്കുകയായിരുന്നു. കശ്മീർ പൂർണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ എല്ലാകാലത്തെയും നിലപാട്.
ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ടായിരുന്നു. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. ബിജെപി നേതാക്കളടക്കമുള്ളവർ ജലീലിന്‍റെ പോസ്റ്റിന് കീഴെ കടുത്ത പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഇന്ത്യയുടെ അഖണ്ഡത ജലീൽ അംഗീകരിക്കുന്നില്ലേ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിന് പിന്നലെ പലരുടെയും ചോദ്യം. എന്നാല്‍ ഡബിൾ ഇൻവർട്ടഡ് കോമയിലാണ് " ആസാദ് കാശ്മീർ " എന്നെഴുതിയതെന്നും ഇതിന്‍റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്നും കെ ടി ജലീൽ വിവാദങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam