
കൊച്ചി: മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വിവാദം റിപ്പോർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്നാണ് ആക്ഷേപം. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് കാമ്പസിൽ നിന്ന് വാർത്ത തത്സമയം റിപ്പോർട് ചെയ്ത അഖിലയടക്കുളളവരെ പ്രതിചേർത്തത്.
അർഷോയുടെ പരാതിയിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് കേസന്വേഷിക്കുന്ന കൊച്ചി പൊലീസ് ആദ്യ രണ്ടു പ്രതികളായ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ, വകുപ്പുമേധാവി എന്നിവരുടെ മൊഴിയെടുത്തു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയ്ക്കെതിരായ മാർക് ലിസ്റ്റ് വിവാദം സാങ്കേതികപ്പിഴവ് മാത്രമാണെന്നും ഗൂഡാലോചനയില്ലെന്നുമാണ് ഇരുവരും മൊഴി നൽകിയത്. അഖിലയടക്കം ശേഷിക്കുന്ന മൂന്നുപേരുടെ മൊഴി അടുത്തദിവസം രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. അതിനിടയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ വിചിത്ര നടപടി.
എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ യു ഡി എഫ് കൺവീനർ ബെന്നി ബെഹ്നാൻ, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കെ യു ഡബ്യു ജെ, വിവിധ പ്രസ്ക്ലബുകൾ, വിവിധ മാധ്യമ സ്ഥാപനങ്ങൾ, സോഷ്യൽ മീഡിയയിലെ പ്രമുഖൾ തുടങ്ങി നിരവധി പേരാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇത് പിണറായി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയെന്ന വിമർശനമാണ് പൊതുവേ ഉയരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ കേസെടുത്ത പൊലീസിന്റെ അസ്വാഭാവിക നടപടി ജനാധിപത്യ വിരുദ്ധമാണെന്നാണ് എവരും അഭിപ്രായപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam