
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലുണ്ടാക്കിയ മാറ്റമെന്താണ് എന്ന് ഒറ്റനോട്ടത്തിൽ അറിയണമെങ്കിൽ ഓപ്പൺ ഡാറ്റ കേരളയുടെ വെബ്സൈറ്റിലേക്ക് ചെല്ലാം. പതിനാല് ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെയും 86 മുൻസിപ്പാലിറ്റികളുടെയും 6 കോർപ്പറേഷനുകളിലെയും രാഷ്ട്രീയ നിറം മാറ്റം ഇന്ററാക്ടീവ് മാപ്പാക്കി മാറ്റിയിരിക്കുകയാണ് ഒരു സംഘം സ്വതന്ത്ര ഡാറ്റാ പ്രവർത്തകർ.
https://opendatakerala.org/LSG2025/ എന്ന വെബ്സൈറ്റിലേക്ക് ചെന്നാൽ ഡാറ്റ, മാപ്പ് എന്നിങ്ങനെ രണ്ട് രീതിയിൽ ഫലം കാണാൻ കഴിയും, ഇതിൽ മാപ്പ് ഓപ്ഷൻ തെരഞ്ഞെടുത്താൽ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അടിസ്ഥാനത്തിൽ കേരളത്തിന്‍റെ നിറം മാറ്റം തൊട്ടറിയാം. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഭൂപടത്തിൽ ക്ലിക്ക് ചെയ്താൽ അവിടുത്തെ ഫലം വിശദമായി അറിയാൻ കഴിയും.
ഫലപ്രഖ്യാപനത്തിന് ഏതാണ്ട് ഒരാഴ്ച മുമ്പ് എട്ടംഗ സംഘം നടത്തിയ കഠിന പ്രയത്നമാണ് വെബ്സൈറ്റിനെ ലൈവാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് തത്സമയം ഡാറ്റ ശേഖരിച്ച് കേരളത്തിന്റെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂപടവുമായി ചേർത്ത് വച്ച് ആർക്കും എളുപ്പം മനസിലാകുന്ന തരത്തിൽ തെരഞ്ഞെടുപ്പ് ട്രെൻഡ് അവതരിപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
വെബ്സൈറ്റിനായി തയ്യാറാക്കിയ മാപ്പുകളും, തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ നിന്ന് ശേഖരിച്ച ഡാറ്റയും ആർകക്കും ഉപയോഗിക്കാൻ പാകത്തിന് സംഘം ലഭ്യമാക്കിയിട്ടുമുണ്ട്. ഇതുപയോഗിച്ച് താൽപര്യമുള്ളവർക്കാർക്കും കൂടുതൽ വിശകലനങ്ങൾ നടത്താം.
ലിങ്ക് : https://github.com/opendatakerala/LSG2025
ഡാറ്റ അനലിസ്റ്റുകളും, പ്രോഗാമർമാരും, വിക്കിപീഡിയ പ്രവർത്തകരും ഒക്കെ ചേർന്നൊരു സന്നദ്ധ സംഘമാണ് ഓപ്പൺ ഡാറ്റ കേരള. ജിനോയ് ടോം ജേക്കബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് ഡാറ്റ സൈറ്റ് തയ്യാറാക്കിയത്. അതുൽ ആർ.ടി, അക്ഷയ് എസ്.ദിനേശ്, ജെയ്സൺ നെടുംപാല, അർജുൻ, ജോതിഷ് ബാബു, നവീൻ ഫ്രാൻസിസ്, മനോജ് കരിങ്ങമഠത്തിൽ എന്നിവരാണ് മറ്റ് അംഗങ്ങൾ.
തെരഞ്ഞെടുപ്പ് ഡാറ്റ മാത്രമല്ല. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിശദമായ ഭൂപടങ്ങൾ തയ്യാറാക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പ് അധിഷ്ഠിത ഡാറ്റ പോർട്ടൽ 'മാപ്പ് കേരളയ്ക്ക്' പിന്നിലും ഓപ്പൺ ഡാറ്റ കേരള സംഘമാണ്. ഉൾക്കൊള്ളുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പ് (OSM) അടിസ്ഥാനമാക്കിയുള്ള ഡാറ്റാ പോർട്ടലായ 'മാപ്പ് കേരള' map.opendatakerala.org എന്ന വെബ്സൈറ്റ് വഴി മാപ്പുകൾ ഡൗൺലോഡ് ചെയ്യാം. തദ്ദേശ സ്ഥാപനങ്ങളുടെ കൃത്യമായ അതിർത്തി മനസിലാക്കാൻ നിലവിൽ ലഭ്യമായ എറ്റവും കൃത്യമായ മാപ്പുകൾ ഇവിടെ ലഭ്യമാണ്.
തദ്ദേശ സ്വയം ഭരണ അധിഷ്ടിതമായ സ്വതന്ത്ര ഭൂപടങ്ങളെ കൂടാതെ പൊതുജനാരോഗ്യം, ജൈവവൈവിധ്യം, പൊതുഗതാതവും റോഡുകളും മലയാളഭാഷയുമായി ബന്ധപ്പെട്ട നിരവധി ഡാറ്റ സൈറ്റുകൾ തുടങ്ങിയവയിലും ഓപ്പൺ ഡാറ്റ കേരള കൂട്ടായ്മ പ്രവർത്തിച്ചുവരുന്നു. കേരളത്തിൽ ഓപ്പൺ ഡാറ്റ അധിഷ്ഠിതമായി പ്രവർത്തിച്ചുവരുന്ന വിക്കിപീഡിയ, ഓപ്പൺസ്ട്രിറ്റ് മാപ്പ്, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്, വിക്കിഡാറ്റ, കേരള ബയോഡൈവേഴ്‌സിറ്റി മോണിറ്ററിങ് നെറ്റ്‍വർക്ക്, ജിയോമൈൻഡ്സ്, സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും കമ്യൂണിറ്റികളുടെയും കൂട്ടായ്മയാണ് ഓപ്പൺ ഡാറ്റ കേരള.
നമ്മുടെ സംസ്ഥാനത്ത് പല സ്ഥാപനങ്ങളും പൊതുപണമുപയോഗിച്ച് പലതരം ഡാറ്റാ ശേഖരണ, വിനിമയ പ്രവർത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇത് മെഷീൻ റീഡബിളായ രൂപത്തിൽ ലഭ്യമല്ലെന്ന് പറയുന്നു സംഘാംഗമായ മനോജ് കരിങ്ങമഠത്തിൽ. ഇതിനെ കൂട്ടായ്മകളിലൂടെ മറികടക്കുകയാണ് ഓപ്പൺ ഡാറ്റ കേരള ഇപ്പോള്‍ ചെയ്യുന്നത്. ഉത്പാദിപ്പിക്കുന്ന അറിവ് സ്വതന്ത്ര ലൈൻസിലൂടെ പങ്കുവയ്ക്കാൻ തയ്യാറാകണമെന്നും, സംസ്ഥാന സർക്കാർ ഒരു ഓപ്പൺ ഡാറ്റാ നയം കൊണ്ടുവരണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam